Thursday, October 22, 2026

തെരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസിൽ ആദ്യ രാജി; നവ്‌ജ്യോത് സിംഗ് സിദ്ദു പിസിസി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചു

ദില്ലി: തെരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസിൽ ആദ്യ രാജി(Navjot Sidhu resigns as Punjab Congress president after drubbing in election). പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നവജ്യോത് സിംഗ് സിദ്ദു രാജിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ കോൺഗ്രസിനുണ്ടായ കനത്ത തോൽവിയെത്തുടർന്നാണ് രാജി.

തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയെ തുടർന്ന് സിദ്ദു ഉൾപ്പെടെയുള്ള അഞ്ച് പിസിസി അധ്യക്ഷന്മാരുടെ രാജി സോണിയാ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇന്നലെയാണ് പഞ്ചാബ്, യുപി, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ പിസിസി അധ്യക്ഷന്മാർ രാജിവയ്ക്കണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടത്.

സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് തീരുമാനമെന്ന് കോൺഗ്രസ് നേതൃത്വം വിശദീകരിച്ചു.അതേസമയം, ജി23 നേതാക്കളുടെ വിശാല യോഗം ഇന്ന് നടക്കും. നെഹ്‌റു കുടുംബം കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് മാറണം എന്ന കപിൽ സിബലിന്റെ ആവശ്യത്തിന് പിന്നാലെയാണ് ഇന്നത്തെ യോഗം. രാജ്യസഭയിലെ അംഗത്വ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ കപിൽ സിബലിന്റെ വീട്ടിലാണ് യോഗം. പ്രവർത്തക സമിതിയോഗത്തിന് ശേഷമുള്ള സാഹചര്യം യോഗം വിലയിരുത്തും. തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട പുന:സംഘടനാ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കും എന്നാണ് സോണിയാ ഗാന്ധി പ്രവർത്തക സമിതി യോഗത്തിന് നൽകിയ ഉറപ്പ്.

ഇതിന്റെ ഭാഗമായി ഇന്നലെ സിദ്ദു ഉൾപ്പടെ അഞ്ച് പിസിസി അധ്യക്ഷന്മാരെ സോണിയാ ഗാന്ധി ചുമതലയിൽ നിന്ന് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ അച്ചടക്ക നടപടികൾ പിസിസി അദ്ധ്യക്ഷൻമാർക്ക് എതിരെ മാത്രം പോരെന്നാണ് ജി23 യുടെ നിലപാട്. ദേശീയ നേതൃത്വത്തിലെ നേതാക്കൾക്ക് എതിരെ നടപടി വേണം എന്നാണ് ജി23 യുടെ ആവശ്യം. ഇക്കാര്യങ്ങൾ അടക്കം ഇന്നത്തെ യോഗം പരിഗണിക്കും. കപില്‍ സിബലിന്റെ വീട്ടിലാണ് യോഗം നടക്കുന്നത്. കോണ്‍ഗ്രസിലെ സംഘടനാ പ്രതിസന്ധിയെയും സംഘടനാ തിരഞ്ഞെടുപ്പ് നടപടികളെയും പുതിയ തലത്തിലേക്ക് എത്തിക്കുന്നതായിരിക്കും ഇന്നത്തെ യോഗം എന്നാണ് വിലയിരുത്തല്‍. ദേശീയ നേതൃത്വത്തോട് അമര്‍ഷമുള്ള കേരളത്തില്‍ നിന്നടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തേക്കും.

Related Articles

Latest Articles