Monday, April 29, 2024
spot_img

പഞ്ചാബ് കോൺഗ്രസ്സിൽ ഉൾപ്പാർട്ടി പോര് രൂക്ഷം;’സിദ്ദു തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു’: തിരിച്ചടിച്ച് അഡ്വക്കറ്റ് ജനറല്‍

ചണ്ഡിഗഡ്: പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തണമെങ്കില്‍ അഡ്വക്കറ്റ് ജനറലിനെ മാറ്റണമെന്ന് നിബന്ധനവെച്ച പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദുവിനെതിരേ അഡ്വക്കറ്റ് ജനറല്‍ എ.പി.എസ് ഡിയോള്‍ രംഗത്ത്.

സിദ്ദുവിന്റെ ആരോപണങ്ങള്‍ ലഹരി, മതനിന്ദ കേസുകളിലെ കുറ്റക്കാരെ ശിക്ഷിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ ഇല്ലാതാക്കുകയാണെന്ന് ഡിയോള്‍ ശക്തമായി ആരോപിച്ചു.

‘മാസങ്ങള്‍ക്കുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്വന്തം സര്‍ക്കാരിനെതിരെയും പാര്‍ട്ടിക്കെതിരെയും ആക്രമണം അഴിച്ചുവിടുകയാണ് സിദ്ദു ചെയ്യുന്നത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായാണ് സിദ്ദു പാര്‍ട്ടിയിലെ സഹപ്രവര്‍ത്തര്‍ക്ക് മേല്‍ തെറ്റായ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നും എ.പി.എസ് ഡിയോള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പഞ്ചാബ്-ഹരിയാന കോടതിയിലെ സീനിയര്‍ അഭിഭാഷകനായ എ.പി.എസ് ഡിയോള്‍ സെപ്തംബറിലാണ് സംസ്ഥാനത്തിന്റെ അഡ്വക്കറ്റ് ജനറലായി നിയമിതനായത്.

അതേസമയം സംസ്ഥാനത്ത് പുതിയ മന്ത്രിസഭ വന്ന ഉടന്‍ പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അപ്രതീക്ഷിതമായി രാജി വെച്ച സിദ്ദു കഴിഞ്ഞ ദിവസം രാജി പിന്‍വലിച്ചിരുന്നു. പക്ഷെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെങ്കില്‍ എ.പി.എസ് ഡിയോളിനെ അഡ്വക്കറ്റ് ജനറല്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നായിരുന്നു സിദ്ദു പാര്‍ട്ടിക്ക് മുന്നില്‍ വച്ച ആവശ്യം.

സിഖ് മതഗ്രന്ഥത്തെ അവഹേളിക്കുകയും പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ പോലീസ് ഉദ്യോഗസ്ഥനായി ഹാജരായ ഡിയോളിന് എ.ജി ആയിരിക്കാന്‍ അവകാശമില്ലെന്നായിരുന്നു സിദ്ദുവിന്റെ നിലപാട്.

എന്നാൽ ഈ വിഷയത്തില്‍ നേരത്തെയും സിദ്ദു ഡിയോളിനെതിരെ ആരോപണമുയര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഡിയോള്‍ എ.ജി സ്ഥാനത്ത് നിന്ന് രാജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഡിയോളിന്റെ രാജി മുഖ്യമന്ത്രി ചരണ്‍ജിത്ത് ചന്നി തള്ളിയതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

Related Articles

Latest Articles