വിവാഹത്തിന് ശേഷം ആദ്യമായി കേരളത്തിൽ എത്തിയ നയൻതാരയും വിഘ്‌നേഷും ചെട്ടിക്കുളങ്ങര ദേവിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ന് രാവിലെ 11മണിയോടെയാണ് ചെട്ടിക്കുളങ്ങരയിലെത്തിയത്. ആഗ്രഹങ്ങള്‍ സഫലമാകാന്‍ ചെട്ടികുളങ്ങര അമ്മയുടെ ഇഷ്ട വഴിപാടായ ചാന്താട്ടം നടത്താനാണ് വിവാഹശേഷം നയന്‍താര തിരുനടയിലെത്തിയത്. ക്ഷേത്ര ഭരണ സമിതിയായ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ ഉപഹാരം നല്‍കി താരങ്ങളെ ആദരിച്ചു.
നയന്‍താരയും വിഗ്‌നേഷ് ശിവനും കടുത്ത ദൈവവിശ്വാസികളാണ് . വിവാഹത്തിന് മുന്‍പേ തന്നെ ഇരുവരും തിരുപ്പതിയിലും, ചോറ്റാനിക്കരയിലുമെത്തി തൊഴുതിരുന്നു. ചോറ്റാനിക്കര മകം തൊഴലിനായിരുന്നു ഇരുവരും എത്തിയത്.
നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ ഈ മാസം ഒന്‍പതിന് മഹാബലിപുരത്തെ റിസോര്‍ട്ടില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം താരങ്ങൾ തിരുപ്പതി സന്ദര്‍ശിച്ചതിന്റെയും കേരളത്തിലെത്തിയതിന്റെയുമൊക്കെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. നയന്‍താര തന്റെ അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേള എടുത്ത് ഭര്‍ത്താവിനൊപ്പം കൂടുതല്‍ മികച്ച സമയം ചെലവഴിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

