Friday, May 10, 2024
spot_img

നാസി പടയാളിക്ക് പാർലമെന്റിൽ ആദരം! വീണ്ടും പുലിവാല് പിടിച്ച് ജസ്റ്റിൻ ട്രൂഡോ; രൂക്ഷ വിമർശനവുമായി കാനഡയിലെ പ്രതിപക്ഷം

ടൊറന്റോ : ഖാലിസ്ഥാൻ തീവ്രവാദികളെ പിന്തുണയ്ക്കുന്ന നടപടി സ്വീകരിക്കുകയും അവരെ വെള്ള പൂശാൻ ശ്രമിക്കുകയും ചെയ്തതിലൂടെ ഭാരതവുമായുള്ള നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ വീണ്ടും വിവാദത്തിൽ പെട്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ.രണ്ടാം ലോകമഹായുദ്ധ കാലത്ത് നാസികൾക്കായി പോരാടിയ മുതിർന്ന സൈനികനുമായി ട്രൂഡോ കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തെ പാർലമെന്റിൽ ആദരിക്കുകയും ചെയതെന്ന ആരോപണത്തോടെ ജസ്റ്റിൻ ട്രൂഡോയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിയർ പോളിയെവ് രംഗത്ത് വന്നു.

സംഭവത്തിൽ ട്രൂഡോയുടെ ഭാഗത്തുനിന്ന് വലിയ പിഴവാണ് സംഭവിച്ചതെന്ന് കുറ്റപ്പെടുത്തിയ പോളിയെവ്, ഇത്തരം ആളുകൾ പ്രധാനമന്ത്രിയെ യഥേഷ്ടം കാണുന്നതിനും ചർച്ച നടത്തുന്നതിനും വഴിയൊരുക്കുന്നത് അദ്ദേഹത്തിന്റെ പ്രോട്ടോക്കോൾ ഓഫിസിന്റെ പിഴവാണെന്നും ചൂണ്ടിക്കാട്ടി.

യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കിയുടെ സന്ദർശന വേളയിൽ, യുക്രെയ്നിൽ നിന്നുള്ള തൊണ്ണൂറ്റെട്ടുകാരനായ യാറോസ്വ്ലാവ് ഹുങ്കയെന്ന മുൻ സൈനികനെ യുദ്ധവീരനെന്ന വിശേഷണത്തോടെ കനേഡിയൻ പൊതുസഭയിൽ ആദരിച്ചത് . ‘യുക്രെയ്ന്റെ സ്വാതന്ത്ര്യത്തിനായി റഷ്യക്കാർക്കെതിരെ പോരാടിയ, രണ്ടാം ലോകമഹായുദ്ധ കാലത്തെ ഈ യുക്രെയ്ൻ–കനേഡിയൻ പോരാളി‌ യുക്രെയ്ന്റെയും കാനഡയുടെയും നായകനാണെന്ന വിശേഷണത്തോടെയാണ് അന്ന് കാനഡ പാർലമെന്റ് സ്പീക്കർ ആന്റണി റോട്ട അദ്ദേഹത്തെ സ്വാഗതം ചെയ്തത്. ഇതിനു പിന്നാലെ പാർലമെന്റ് അംഗങ്ങൾ ഒന്നടങ്കം എഴുന്നേറ്റു നിന്ന് ഹുങ്കയെ സ്വീകരിക്കുകയും ചെയ്തു.

പരാമർശം വിവാദമായതിനു പിന്നാലെ ക്ഷമാപണവുമായി സ്പീക്കർ രംഗത്തെത്തിയിരുന്നു. പാർലമെന്റിൽ സംഭവിച്ചത് തന്റെ മാത്രം പിഴവാണെന്നും അദ്ദേഹം തുറന്നു സമ്മതിച്ചിരുന്നു.എന്നാൽ ഹുങ്കയെ പാർലമെന്റിൽ ആദരിച്ചതിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജ്യത്തോടു മാപ്പു പറയണമെന്നാണ് പ്രതിപക്ഷ ആവശ്യം. എപ്പോഴും ചെയ്യുന്നതുപോലെ ഇതിന്റെ കുറ്റവും മറ്റാരുടെമേലും ചാരാതെ, പ്രധാനമന്ത്രി തന്നെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പോളിയെവ് ആവശ്യപ്പെട്ടു.

‘നാസി പടയാളിയുമായി ജസ്റ്റിൻ ട്രൂഡോ വ്യക്തിപരമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തെ ആദരിക്കുകയും ചെയ്തതായി തെളിഞ്ഞിരിക്കുന്നു. യുക്രെയ്ൻ പ്രസിഡന്റിന്റെ സന്ദർശനവേളയിൽ അദ്ദേഹത്തെ കനേഡിയൻ പാർലമെന്റിൽ ആദരിക്കുന്നതിനും ഭരണപക്ഷം മുൻകയ്യെടുത്തു’ – പോളിയെവ് സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.

Related Articles

Latest Articles