Tuesday, May 14, 2024
spot_img

പുറത്തെടുത്താൽ വിയർക്കുന്ന മുരുക വിഗ്രഹം! അസുരനെ കൊല്ലാൻ തയ്യാറായ ഭഗവാന്റെ പിരിമുറുക്കവും കോപവുമാണ് കാരണമെന്ന് വിശ്വാസികൾ; വിചിത്ര വിശ്വാസങ്ങളുമായി സിക്കൽ ശൃംഗാരവേലന്‍ ക്ഷേത്രം

പുരാതന കാലം മുതൽ സമ്പന്നമാണ് തമിഴ്നാടിന്റെ ക്ഷേത്രചരിത്രങ്ങൾ. അവിശ്വസനീയമെന്നോ വിചിത്രെമെന്നോ തോന്നിപ്പിക്കാവുന്ന നിരവധി ക്ഷേത്രങ്ങള്‍ ഈ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു. അതിൽതന്നെ ഏറ്റവും പ്രസിദ്ധം ഇവിടുത്തെ മുരുകൻ ക്ഷേത്രങ്ങളാണ്. വിശ്വാസത്തിന്റെ കണ്ണിലൂടെ കാണുമ്പോള്‍ ഏറെ ശ്രേഷ്ഠമെന്നു കരുതപ്പെടുന്ന ഇവിടുത്തെ ക്ഷേത്രങ്ങളിലൊന്നാണ് സിക്കല്‍ ശൃംഗാരവേലന്‍ ക്ഷേത്രം.

തമിഴ്നാട്ടില്‍ നാഗപട്ടണത്തിന് അടുത്തായി സിക്കൽ എന്ന സ്ഥലത്താണ് ശൃംഗാരവേലന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രത്യേകതകൾ തുടങ്ങുന്നത് ശ്രീകോവിലിൽ നിന്നാണ്. ഒരേ ശ്രീകോവിലില്‍ ശിവനെയും വിഷ്ണുവിനെയും ആരാധിക്കുന്ന ക്ഷേത്രമാണിത്. . വിശ്വാസികളെ സംബന്ധിച്ചെടുത്തോളം വളരെ പ്രാധാന്യം അവര്‍ ഈ ക്ഷേത്രത്തിന് നല്കുന്നു. മുരുകനെ ശ‍ൃംഗാരവേലന്‍ എന്ന പേരിലാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് രസകരമായ ഒരു കഥയുണ്ട്. നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, പരമശിവൻ സുബ്രഹ്മണ്യനെ സൃഷ്ടിച്ചത് അസുരനായ ശൂരപത്മനെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. സുബ്രഹ്മണ്യൻ ഉചിതമായ പ്രായത്തിൽ എത്തിയപ്പോൾ, അദ്ദേഹം ഈ സ്ഥലത്ത് വന്ന് തന്റെ മാതാപിതാക്കളെ ധ്യാനിച്ചു, അസുരനെ ജയിക്കാൻ മതിയായ മാനസികവും ശാരീരികവുമായ ശക്തിക്കായി പ്രാർത്ഥിച്ചു. തന്റെ മകന്റെ പ്രാർത്ഥനയിൽ സംപ്രീതയായ പാർവതി ദേവി സ്വയം ഒരു വേൽ സൃഷ്ടിച്ച് സ്കന്ദന്റെ വിജയത്തിനായി അനുഗ്രഹങ്ങൾക്കൊപ്പം സമ്മാനിച്ചു. വേൽ ശക്തി നൽകിയതിനാൽ, വേലിനെ “ശക്തി വേൽ” എന്നും ഈ ക്ഷേത്രത്തിലെ ദേവി വേൽനെടുങ്കണ്ണി എന്നും അറിയപ്പെടുന്നു – വേലിന്റെ പോലെ മൂർച്ചയുള്ള കണ്ണുള്ള ദേവി എന്നാണ് ഇത് അർത്ഥമാക്കുന്നത്.

ശിങ്കാര വേലവരുടെ ഉത്സവ സമയത്ത് വേല്‍ സ്വീകരിക്കുവാനായി പുറത്തെടുക്കുമ്പോള്‍ മുരുകന്‍റെ വിഗ്രഹം അമിതമായി വിയര്‍ക്കുമത്രെ. അസുരനെ കൊല്ലാൻ തയ്യാറായ ഭഗവാന്റെ പിരിമുറുക്കവും കോപവുമാണ് ഇതിന് കാരണമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ വിയര്‍പ്പ് മാറുവാനായി പുരോഹിതര്‍ വിഗ്രഹത്തിന്റെ മുഖം തുടർച്ചയായി പട്ടുതുണി കൊണ്ട് തുടയ്ക്കുന്നു, പക്ഷേ വിഗ്രഹം നന്നായി വിയർക്കുന്നു. ഇത് “വിയർക്കുന്ന അത്ഭുതം !!” എന്നറിയപ്പെടുന്നു. ഈ അത്ഭുതത്തിന് സാക്ഷ്യം വഹിക്കാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്മേൽ വിയർപ്പ് ദിവ്യ തീർത്ഥമായി തളിക്കുന്നു. ഭഗവാൻ ശ്രീകോവിലിൽ തിരിച്ചെത്തിയാലേ വിയർപ്പ് കുറയൂ. ആറാം ദിവസം ശൂരസംഹാരം നടക്കും. മയിൽപ്പീലി കൊണ്ട് തണുപ്പിച്ചാലും പട്ടും റോസാദളങ്ങളും കൊണ്ട് ഉണക്കിയാലും മുരുഗ ഭഗവാന്റെ രൂപത്തിൽ മഞ്ഞുപോലെ വിയർപ്പ് പ്രത്യക്ഷപ്പെടും എന്നാണ് ഇതിനെക്കുറിച്ച് വിശ്വാസികൾ പറയുന്നത്.

Related Articles

Latest Articles