Wednesday, May 22, 2024
spot_img

താലിബാനെതിരെ അഫ്ഗാനിസ്ഥാന്റെ സർജിക്കൽ സ്ട്രൈക്ക്; കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 300 ഓളം ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കാബൂൾ: താലിബാൻ ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകി അഫ്‌ഗാനിസ്ഥാൻ സൈന്യം. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ അഫ്ഗാൻ സൈന്യം നടത്തിയ ആക്രമണത്തിൽ 300 ഓളം താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം മുതൽ വിവിധ പ്രവിശ്യകളിൽ രാജ്യത്തെ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ ഏകദേശം 300 ഭീകരർ കൊല്ലപ്പെടുകയും, നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെതുവെന്നാണ് അഫ്‌ഗാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയത്. ഭീകരർ കടന്നുകയറിയ ഗസ്നി, കാണ്ഡഹാർ, ഹെറാത്ത്, ഫറാ, ജോവ്ജാൻ, ബൽഖ്, സമൻഗൻ, ഹെൽമണ്ട്, തഖർ, കുണ്ടുസ്, ബാഗ്ലാൻ, കാബൂൾ, കപീസ എന്നീ പ്രവിശ്യകളിലാണ് അഫ്ഗാൻ സൈന്യം ശക്തമായ പോരാട്ടം നടത്തിയത്.

അതേസമയം കഴിഞ്ഞ ദിവസം രാത്രി ബാർമൽ ജില്ലയിൽ സൈന്യം നടത്തിയ ഓപ്പറേഷനിൽ നാല് പാകിസ്ഥാനികൾ ഉൾപ്പെടെ 12 താലിബാൻ ഭീകരർ കൊല്ലപ്പെടുകയും 9 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. പഞ്ച്വേ ജില്ലയിലും കാണ്ഡഹാർ പ്രവിശ്യാ കേന്ദ്രത്തിന്റെ പ്രാന്തപ്രദേശത്തുമായി 11 ഭീകരരും കൊല്ലപ്പെട്ടു. യുഎസ് സേന അഫ്ഗാനിസ്ഥാനിൽ നിന്ന് പൂർണമായും പിന്മാറുന്നതിന്റെ അന്തിമഘട്ടം മെയ് മാസം ആദ്യത്തിൽ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ താലിബാൻ അഫ്ഗാൻ സുരക്ഷാ സേനയ്ക്കും സിവിലിയന്മാർക്കുമെതിരെ ആക്രമണം ശക്തമാക്കിയിരുന്നു. ഗ്രാമപ്രദേശങ്ങളിലുൾപ്പെടെ കീഴടക്കുകയും ചെയ്തിരുന്നു. 193 ജില്ലാ കേന്ദ്രങ്ങളും 19 അതിർത്തി ജില്ലകളും താലിബാൻ പിടിച്ചെടുത്തതായി അഫ്ഗാൻ വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

അതേസമയം കഴിഞ്ഞ ഏപ്രിൽ 14 മുതൽ ഏകദേശം 4,000 അഫ്ഗാൻ സൈനികർ കൊല്ലപ്പെടുകയും 7,000 ൽ അധികം പേർക്ക് പരിക്കേൽക്കുകയും, 1600 ഓളം പേരെ താലിബാൻ പിടിച്ചെടുക്കുകയുംചെയ്തിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ രണ്ടായിരത്തോളം സാധാരണക്കാർ അക്രമത്തിൽ കൊല്ലപ്പെടുകയും 2,200 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജൂലൈയിൽ 70 ജില്ലകൾ താലിബാൻ കീഴടക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ജൂലൈയിൽ താലിബാനെ കീഴ്പ്പെടുത്തി 11 ജില്ലകൾ താലിബാനിൽ നിന്ന് തിരിച്ചുപിടിച്ചതായി സർക്കാർ അറിയിച്ചു. ഇതിനുപിന്നാലെ അഫ്ഗാൻ സേന ശക്തമായ പോരാട്ടമാണ് ഭീകരർക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles