Saturday, May 4, 2024
spot_img

കേരളത്തില്‍ നിന്നുള്ളവര്‍ക്ക്‌ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്‌നാടും കര്‍ണാടകവും; കാസര്‍കോട് തലപ്പാടി അതിര്‍ത്തിയില്‍ നാട്ടുകാരും പോലീസും തമ്മിൽ സംഘർഷം

കാസര്‍കോട്: കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിർത്തി സംസ്ഥാനങ്ങളായ കർണാടകയും തമിഴ്നാടും പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കടത്തിവിടാത്തതില്‍ പ്രതിഷേധിച്ച് കര്‍ണാടക അതിര്‍ത്തിയായ കാസര്‍കോട്ടെ തലപ്പാടിയില്‍ പ്രതിഷേധം നടക്കുകയാണ് ആളുകൾ. കര്‍ണാടകയില്‍ നിന്നുള്ള വാഹനങ്ങള്‍ തടഞ്ഞ്, നാട്ടുകാരുടെ കൂട്ടായ്മയായ ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് നടുറോഡില്‍ കുത്തിയിരുന്ന് റോഡ് ഉപരോധിച്ചത്. കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കടത്തിവിട്ടില്ലെങ്കില്‍, കര്‍ണാടകയില്‍ നിന്നുള്ള വാഹനങ്ങളും പ്രവേശിപ്പിക്കില്ലെന്നാണ് സമരക്കാരുടെ വാദം.

എന്നാൽ സമരക്കാരെ കേരള പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കോവിഡ് വ്യാപനം കണക്കിലെടുത്ത് കര്‍ണാടക നിയന്ത്രണം കടുപ്പിച്ചതോടെ, അതിര്‍ത്തിയില്‍ പോലീസും യാത്രക്കാരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. തലപ്പാടിയില്‍ പോലീസ് പരിശോധനയില്‍ പ്രതിഷേധിച്ച ആളെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം കെഎസ്ആര്‍ടിസി ബസ് തലപ്പാടി അതിര്‍ത്തി വരെ മാത്രമാണ് സര്‍വീസ് നടത്തുന്നത്. അവിടെ വച്ച് ആര്‍ടിപിസിആര്‍ പരിശോധനയ്ക്കായി യാത്രക്കാരില്‍ നിന്നും സാംപിള്‍ ശേഖരിച്ച ശേഷമാണ് അതിര്‍ത്തി കടത്തിവിടുന്നത്. തലപ്പാടിയില്‍ നിന്നും കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബസിലാണ് സഞ്ചരിക്കാനാകുക.

അതിർത്തിയായ തലപ്പാടിയിൽ വാക്സീൻ രണ്ട് ഡോസും എടുത്തവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്നായിരുന്നു ഇന്ന് രാവിലെ കർണാടക നിലപാടെങ്കിലും, പിന്നീട് ഇവിടെയും പരിശോധന കടുപ്പിച്ചു. രണ്ട് ഡോസ് വാക്സീൻ എടുത്തവർക്കും നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റ് വേണമെന്നാണ് അധികൃതരുടെ ഇപ്പോഴത്തെ നിലപാട്. സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ അതിർത്തി കടക്കാൻ അനുവദിക്കാതെ തിരിച്ച് വിടുകയാണ്. തമിഴ്‌നാട് വാളയാര്‍ അതിര്‍ത്തിയിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള വാഹനങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് വാളയാര്‍ അതിര്‍ത്തി കടത്തിവിടുന്നത്. കുമളി അതിര്‍ത്തിയിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ആദ്യ ദിവസമായതിനാൽ ഇന്ന് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെയും കടത്തി വിടുമെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ് അറിയിച്ചു. നാളെ മുതൽ കർശന പരിശോധന നടത്താനാണ് തീരുമാനം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles