Friday, November 13, 2026

കമ്മ്യൂണിസ്റ്റ് കറ കഴുകി കളഞ്ഞ് നേപ്പാൾ !പൊതുതെരഞ്ഞെടുപ്പിൽ റാപ്പറും മുൻ കാഠ്മണ്ഡു മേയറുമായ ബാലേന്ദ്ര ഷായുടെ ആർഎസ്‌പി തരംഗം; ഒലി പക്ഷത്തിന് വൻ തിരിച്ചടി

കാഠ്മണ്ഡു : നേപ്പാളിൽ നടന്ന പൊതുതിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ റാപ്പറും മുൻ കാഠ്മണ്ഡു മേയറുമായ ബാലേന്ദ്ര ഷായുടെ (ബാലെൻ) നേതൃത്വത്തിലുള്ള രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (RSP) വൻ വിജയത്തിലേക്ക്. കഴിഞ്ഞ സെപ്റ്റംബറിൽ കെ.പി. ശർമ്മ ഒലിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ താഴെയിറക്കിയ ‘ജെൻ സി’ പ്രക്ഷോഭങ്ങൾക്ക് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലാണിത്. നേപ്പാൾ ഇലക്ഷൻ കമ്മീഷന്റെ കണക്കുകൾ പ്രകാരം, വോട്ടെണ്ണൽ പുരോഗമിക്കുന്ന 94 മണ്ഡലങ്ങളിൽ 70 ഇടത്തും ബാലെൻ ഷായുടെ സ്ഥാനാർത്ഥികളാണ് മുന്നിട്ടുനിൽക്കുന്നത്. നേപ്പാളി കോൺഗ്രസ്, സി.പി.എൻ-യു.എം.എൽ, നേപ്പാളി കമ്മ്യൂണിസ്റ്റ് പാർട്ടി എന്നിവർ വെറും ആറ് സീറ്റുകളിൽ മാത്രമാണ് നിലവിൽ ലീഡ് ചെയ്യുന്നത്.

നാല് തവണ പ്രധാനമന്ത്രിയായിരുന്ന സി.പി.എൻ-യു.എം.എൽ അദ്ധ്യക്ഷൻ കെ.പി. ശർമ്മ ഒലിയുടെ ശക്തികേന്ദ്രമായ ഝാപ്പ-5 മണ്ഡലത്തിൽ ബാലെൻ ഷാ നേരിട്ട് മത്സരിച്ച് വൻ മുന്നേറ്റമാണ് നടത്തുന്നത്. നേപ്പാളിലെ രാഷ്ട്രീയ സമവാക്യങ്ങളെ പാടെ മാറ്റിവരയ്ക്കുന്ന ഒരു ജനവിധിക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. യുവാക്കളുടെയും പ്രക്ഷോഭകാരികളുടെയും വലിയ പിന്തുണയാണ് പുതിയ പാർട്ടിയുടെ കുതിപ്പിന് പിന്നിലെ പ്രധാന ഘടകം.

നേപ്പാളിലെ ഈ രാഷ്ട്രീയ മാറ്റത്തെ ഇന്ത്യ അതീവ താല്പര്യത്തോടെയാണ് നിരീക്ഷിക്കുന്നത്. രാഷ്ട്രീയമായി അസ്ഥിരമായ നേപ്പാളിൽ ശക്തമായ ഒരു സർക്കാർ അധികാരത്തിൽ വരുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള വികസന പങ്കാളിത്തത്തിന് ഗുണകരമാകുമെന്ന് ഇന്ത്യ പ്രത്യാശ പ്രകടിപ്പിച്ചു. നേപ്പാളിലെ സമാധാനത്തിനും പുരോഗതിക്കും ഇന്ത്യ എന്നും പിന്തുണ നൽകിയിട്ടുണ്ടെന്നും പുതിയ സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ കാത്തിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ദില്ലിയിൽ പറഞ്ഞു. തിരഞ്ഞെടുപ്പിനായി നേപ്പാൾ സർക്കാർ ആവശ്യപ്പെട്ട പ്രകാരം ആവശ്യമായ ലോജിസ്റ്റിക് സഹായങ്ങളും ഇന്ത്യ നൽകിയിരുന്നു. വരും മണിക്കൂറുകളിൽ കൂടുതൽ ഫലങ്ങൾ പുറത്തുവരുന്നതോടെ നേപ്പാളിലെ പുതിയ ഭരണകൂടത്തെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കും.

Related Articles

Latest Articles