Friday, May 17, 2024
spot_img

നിർണ്ണായക മത്സരത്തിൽ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ന്യൂസിലാൻഡ് : കിവികൾ ലോകകപ്പ് സെമി സാധ്യത സജീവമാക്കി; പാകിസ്ഥാന്റെ സാധ്യത ഇനി കൈയ്യാല പുറത്തെ തേങ്ങ പോലെ

ബെംഗളൂരു : ശ്രീലങ്കയ്‌ക്കെതിരായ നിർണ്ണായക മത്സരം അഞ്ചു വിക്കറ്റിന് വിജയിച്ച് ന്യൂസിലാൻഡ് ലോകകപ്പ് സെമി സാദ്ധ്യതകൾ സജീവമാക്കി. ഒൻപത് മത്സരങ്ങളിൽ അഞ്ചെണ്ണം വിജയിച്ചതോടെ ന്യൂസീലൻഡ് പോയന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി. ഇതോടെ പാകിസ്ഥാന്റെ സെമി സാധ്യത കൈയ്യാല പുറത്തെ തേങ്ങ പോലെയായി. ഇംഗ്ലണ്ടിനെതിരായ അടുത്ത മത്സരത്തിൽ ഏറെക്കുറെ അപ്രാപ്യമായ വമ്പൻ വിജയം നേടിയെങ്കിൽ മാത്രമേ പാക് ടീമിന് സെമിയിൽ പ്രവേശിക്കാൻ കഴിയൂ.

ശ്രീലങ്ക ഉയർത്തിയ 172 റൺസ് എന്ന വിജയലക്ഷ്യം വെറും 23.2 ഓവറിൽ 5 വിക്കറ്റുകൾ ശേഷിക്കേയാണ് ന്യൂസീലൻഡ് മറികടന്നത്. ഡെവോൺ കോൺവേ(42 പന്തിൽ 45)യും രചിൻ രവീന്ദ്ര(34 പന്തിൽ 42)യും മികച്ച ഓപ്പണിങ്ങാണ് കിവീസിന് സമ്മാനിച്ചത്. ഓപ്പണിങ് സഖ്യം 86 റൺസാണ് ആദ്യ വിക്കറ്റിൽ സ്‌കോർ ബോർഡിലെത്തിച്ചത്.

ക്യാപ്റ്റൻ കെയ്ൻ വില്യംസൺ( 15 പന്തിൽ 14) വലിയ സംഭാവനയൊന്നും നൽകാതെ പുറത്തായെങ്കിലും ഡാരി മിച്ചൽ ക്രീസിൽ നിലയുറപ്പിച്ചതോടെ മത്സരം ലങ്കയുടെ കയ്യിൽ നിന്ന് വഴുതി. ഏഴു റൺസ് എടുത്തു നിൽക്കെ മാർക് ചാപ്മാനെ സമരവിക്രമ റണ്ണൗട്ടാക്കി മടക്കി. മാത്യൂസിന്റെ പന്തിൽ അസലങ്ക ക്യാച്ചെടുത്ത്
31 പന്തിൽ 43 റൺസ് നേടിയ മിച്ചലിനെ മടക്കിയെങ്കിലും അപ്പോഴേക്കും വൈകിയിരുന്നു. ലങ്കയ്ക്കായി മാത്യൂസ് രണ്ടു വിക്കറ്റും ദുഷ്മന്ത ചമീര, തീക്‌ഷണ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് 46.4 ഓവറിൽ 171 റൺസെടുക്കാനെ സാധിച്ചുള്ളൂ. അതിവേഗ അര്‍ധ സെഞ്ചുറി നേടിയ കുശാൽ പെരേരയുടെ (28 പന്തിൽ 51) പ്രകടനം മാത്രമാണ് ശ്രീലങ്കൻ ഇന്നിങ്സിൽ ഓർത്തിരിക്കാനാകുന്ന വിധത്തിലുണ്ടായത്.

രണ്ടാം ഓവറിൽ പാത്തും നിസ്സങ്കയെ (8 പന്തിൽ 2) മടക്കി ടിം സൗത്തിയാണ് ആദ്യ വിക്കറ്റ് നേടിയത്. ട്രെന്റ് ബോൾട്ട് എറിഞ്ഞ അഞ്ചാം ഓവറിൽ ലങ്കൻ ക്യാപ്റ്റൻ കുശാൽ മെൻഡിസും (7 പന്തിൽ 6) സദീര സമരവിക്രമയും (2 പന്തിൽ 1) വിക്കറ്റ് നഷ്ടമായി തിരികെ നടന്നു.

സ്കോർ 70ൽ നിൽക്കേ ചരിത് അസലങ്കയും (8 പന്തിൽ 8) കുശാൽ പെരേരയും അടുത്തടുത്ത ഓവറുകളിൽ പുറത്തായി. തകർത്തടിച്ച പെരേര 28 പന്തിൽ 2 സിക്സും 9 ഫോറും സഹിതം 51 റൺസ് നേടിയാണ് മടങ്ങിയത്. ലോക്കി ഫെർഗ്യൂസന്റെ പന്തിൽ മിച്ചൽ സാന്റ്നർ പിടിച്ചാണ് പുറത്തായത്. നിലയുറപ്പിക്കാൻ ശ്രമിച്ച എയ്ഞ്ചലോ മാത്യൂസിനേയും (27 പന്തിൽ 16) ധനഞ്ജയ ഡിസിൽവയേയും (24 പന്തിൽ 19) സാന്റ്നർ മിച്ചലിന്റെ കൈകളിലെത്തിച്ചു.

തുടർന്നിറങ്ങിയ ചാമിക കരുണരത്നെ (17 പന്തിൽ 6), ദുഷ്മന്ത ചമീര (20 പന്തിൽ 1) എന്നിവരും തിളങ്ങാനാവാതെ മടങ്ങി. അവസാന വിക്കറ്റില്‍ ദിൽഷൻ മധുഷങ്കയോടൊപ്പം ചെറിയ കൂട്ടുകെട്ടുണ്ടാക്കിയ മഹീഷ് തീക്ഷണയാണ് ടീം സ്കോർ 150 കടത്തിയത്. 91 പന്തു നേരിട്ട തീക്ഷണ 38 റൺസുമായി പുറത്താകാതെ നിന്നു. 11–ാമനായി ഇറങ്ങിയ മധുഷങ്ക 48 പന്തിൽ 19 റൺസ് നേടി പുറത്തായി. ന്യൂസീലൻഡിനായി ട്രെൻഡ് ബോൾട്ട് 3 വിക്കറ്റ് നേടിയപ്പോൾ . ലോക്കി ഫെർഗ്യൂസൻ, മിച്ചൽ സാന്റ്നർ, രചിൻ രവീന്ദ്ര എന്നിവർ രണ്ടു വീതം വിക്കറ്റും ടിം സൗത്തി ഒരു വിക്കറ്റും വീഴ്ത്തി .

Related Articles

Latest Articles