Friday, May 3, 2024
spot_img

നാല് മണിക്കൂർ ഇടവേള! വടക്കൻ ഗാസയിൽ ഇന്ന് മുതൽ ദിവസവും നാലു മണിക്കൂർ വെടിനിർത്തൽ; തീരുമാനം ഇസ്രായേൽ അംഗീകരിച്ചതായി വൈറ്റ് ഹൗസ്

ഗാസ: ഇസ്രായേൽ മനുഷ്യക്കുരുതി തുടരുന്ന ഗാസയുടെ വടക്കന്‍ ഭാഗത്ത് ഇന്ന് മുതൽ ദിവസവും നാലു മണിക്കൂർ വെടിനിർത്തൽ. തീരുമാനം ഇസ്രായേൽ അംഗീകരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ കിർബിയാണ് ഇക്കാര്യം അറിയിച്ചത്. വടക്കൻ ഗാസയിൽ നിന്ന് ആളുകൾക്ക് പലായനം ചെയ്യാൻ രണ്ട് മാനുഷിക ഇടനാഴികൾ ഉണ്ടാക്കുമെന്നും ഈ പ്രദേശങ്ങളിൽ സൈനിക നടപടികൾ ഉണ്ടാകില്ലെന്നും ജോൺ കിർബി വ്യക്തമാക്കി.

നിലവിൽ വടക്കൻ ഗാസയിലും തെക്കൻ ഗാസയിലും ഒരുപോലെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ. ആശുപത്രികളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമിട്ടാണ് ഇസ്രായേൽ വ്യോമാക്രമണം തുടരുന്നത്. അൽ ശിഫ, അൽ നാസർ ആശുപത്രികൾക്ക് സമീപവും ഇന്ന് ആക്രമണം നടത്തി. ജബാലിയ ക്യാമ്പിലെ ആക്രമണത്തിൽ മാത്രം ഇന്ന് കൊല്ലപ്പെട്ടത് 20ലേറെ പേരാണ്. തെക്കും വടക്കും ഒരേപോലെ ആക്രമണം നടക്കുകയാണ്. തകർന്ന കെട്ടിടങ്ങൾക്കടിയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത് 2,500ലേറെ പേരാണ്. ആശുപത്രികളിൽ ഇന്ധനമില്ലാത്തതിനാൽ പലയിടത്തും മൊബൈൽ വെളിച്ചത്തിലാണ് ശസ്ത്രക്രിയ. അനസ്ത്യേഷ്യ ഉൾപ്പെടെ ലഭ്യമല്ല.

അതിനിടെ, വെസ്റ്റ് ബാങ്കിൽ ജെനിൻ അഭയാർഥി ക്യാമ്പിന് നേരെ വീണ്ടും ഇസ്രായേൽ ആക്രമണം നടത്തി. ഇസ്രായേൽ അതിക്രമത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഒക്ടോബർ ഏഴിന് ശേഷം വെസ്റ്റ്ബാങ്കിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 172 ആയിരിക്കുകയാണ്. വെസ്റ്റ് ബാങ്കിലെ റെയ്ഡിൽ ഒമ്പത് പലസ്തീനികളെ അറസ്റ്റ് ചെയ്തതായാണ് ഇസ്രായേൽ സേന അറിയിക്കുന്നത്.

Related Articles

Latest Articles