Tuesday, May 7, 2024
spot_img

കൊല്ലം കരുനാഗപ്പള്ളിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശു മരിച്ചു;കുറ്റിക്കാട്ടില്‍ മുണ്ടില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്

കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശു മരിച്ചു.
ശിശു ക്ഷേമ സമിതിയുടെ ശിശു പരിപാലന കേന്ദ്രത്തിലായിരുന്ന കുഞ്ഞ് പുലര്‍ച്ചെ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞമാസം 24നായിരുന്നു ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. ചോരക്കുഞ്ഞിനെ തറയില്‍മുക്കിലെ ഒരു വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കരച്ചില്‍ കേട്ട് പ്രദേശവാസിയായ രാജി നടത്തിയ തിരച്ചിലില്‍ വീടിന്റെ പിന്നിലെ കുറ്റിക്കാട്ടില്‍ മുണ്ടില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ കണ്ടെത്തി. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌ പൊലീസെത്തി ഒരു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ശിശുക്ഷേമ സമിതിയുടെ ശിശു പരിപാലന കേന്ദ്രത്തിലേക്കും മാറ്റി. ഉപേക്ഷിച്ചവരെ കണ്ടെത്താന്‍ കരുനാഗപ്പള്ളി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുഞ്ഞിന്റെ മരണം.

Related Articles

Latest Articles