Tuesday, April 30, 2024
spot_img

ആരോഗ്യ മേഖല വീണ്ടും സുരക്ഷിത കരങ്ങളിൽ; ഒപ്പമുണ്ട്, മൻസുഖ് മാണ്ഡവ്യ എന്ന കരുത്തൻ….

ദില്ലി: കേന്ദ്ര ആരോഗ്യ മന്ത്രിയായി മൻസുഖ് മാണ്ഡവ്യ ചുമതലയേറ്റു. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ് മൻസുഖ് മാണ്ഡവ്യ തല്‍സ്ഥാനത്തേയ്ക്ക് എത്തുന്നത്. ഷിപ്പിങ് – രാസവളം സഹമന്ത്രിയായിരുന്നു. ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിൽ നിന്നുള്ള ശക്തനായ ബിജെപി നേതാവാണ് അദ്ദേഹം. മൂന്നാം തരംഗ ഭീഷണി നിലനിൽക്കെ അത് ഫലപ്രദമായി നേരിടാൻ വഴിയാലോചിക്കുകയാണ് കേന്ദ്ര സർക്കാർ. രോഗപ്രതിരോധത്തിനാവശ്യമായ ചടുലമായ നടപടികൾക്ക് മികച്ച പ്രവർത്തന റെക്കോർഡുള‌ള സഹമന്ത്രിയെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി ആരോഗ്യ മേഖലയുടെ പരിപൂർണ ചുമതലയേൽപ്പിക്കുകയായിരുന്നു. ആരോഗ്യം കൂടാതെ രാസവള, കീടനാശിനി കപ്പല്‍ ഗതാഗതം തുടങ്ങിയ വകുപ്പുകളുടെ സ്വതന്ത്ര ചുമതലയും മാണ്ഡവ്യക്കുണ്ട്.

2016ൽ ഒന്നാം മോദി മന്ത്രിസഭയിൽ ഗതാഗത, ഹൈവേ, ഷിപ്പിംഗ് സഹമന്ത്രിയായി അധികാരമേറ്റ മാണ്ഡവ്യ വളം, രാസവസ്‌തു വിഭാഗ ചുമതലയുള‌ള സഹമന്ത്രിയെന്ന നിലയിലും മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് വാക്‌സിൻ നി‌ർമ്മാതാക്കളായ പൂനെ സെറം ഇൻസ്‌റ്റിറ്റ്യൂട്ട്, അഹമ്മദാബാദിലെ സൈഡസ്, ഇവിടെത്തന്നെയുള‌ള കൊവാക്‌സിൻ നി‌ർമ്മാണ കേന്ദ്രം എന്നിവിടങ്ങളിൽ മാണ്ഡവ്യ സന്ദർശിച്ച് നിർമ്മാണം വിലയിരുത്തി.

എബിവിപിയിലൂടെ സജീവ രാഷ്‌ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം 2002ൽ 28ാം വയസിൽ എം‌എൽ‌എയുമായി. 2012ൽ രാജ്യസഭാംഗമായി, 2016ൽ ആദ്യമായി സഹമന്ത്രിയായി, ഇപ്പോൾ രണ്ടാം മോദി സ‌ർക്കാരിൽ മന്ത്രിസഭാ പുനസംഘടനയിൽ കേന്ദ്ര ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്നും ഹർഷ് വർദ്ധനും, സഹ ആരോഗ്യമന്ത്രിയായ അശ്വനി ചൗബെയും ഒഴിഞ്ഞതോടെ ഇന്ത്യയുടെ ആരോഗ്യമന്ത്രിയുമായി എത്തിയിരിക്കുകയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles