ന്യൂസീലന്‍ഡിന്റെ പോരാട്ട വീര്യത്തിന് മുന്നില്‍ ഇന്ത്യക്ക് പിടിച്ചു നില്‍ക്കാനായില്ല. അവസാന ട്വെന്റി-20യില്‍ ഇന്ത്യയെ നാല് റണ്‍സിന് തകര്‍ത്ത് ന്യൂസീലന്‍ഡ് 2-1ന് പരമ്പര സ്വന്തമാക്കി. അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യക്ക് 11 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സിക്‌സും ഫോറുമായി മുന്നേറുകയായിരുന്ന ദിനേശ് കാര്‍ത്തിക്കിനേയും ക്രുണാല്‍ പാണ്ഡ്യയേയും അവസാന ഓവറില്‍ പിടിച്ചു നിര്‍ത്തിയ ടിം സൗത്തിയാണ് കിവീസിന് വിജയം സമ്മാനിച്ചത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് ഇന്ത്യന്‍ ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചു. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് ആതിഥേയര്‍ അടിച്ചെടുത്തത്.

നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത കുല്‍ദീപ് മാത്രമാണ് ഇന്ത്യന്‍ ബൗളിങ്ങില്‍ മികച്ചു നിന്നത്. അതോടൊപ്പം ക്യാച്ചുകള്‍ കൈവിട്ട് ഫീല്‍ഡര്‍മാരും ന്യൂസീലന്‍ഡിനെ കൂറ്റന്‍ സ്‌കോറിലെത്താന്‍ ‘സഹായിച്ചു.’