Wednesday, May 22, 2024
spot_img

വികസന നേട്ടങ്ങൾ എണ്ണിപ്പറയാൻ അടുത്തവർഷവും ചെങ്കോട്ടയിൽ എത്തും; ഇത് മോദിയുടെ ഉറപ്പാണ് !

ഇന്ന് രാജ്യം 77 മത് സ്വാതന്ത്യദിനം ആഘോഷിക്കുകയാണ്. 77-ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി രാവിലെ 7.35 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു. നരേന്ദ്രമോദിയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമായി മാറുന്നത്. വികസന നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ അടുത്തവര്‍ഷവും ചെങ്കോട്ടയില്‍ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. അതേസമയം, അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 2019-ല്‍ നിങ്ങള്‍ എന്നെ ഒരിക്കല്‍ കൂടി അനുഗ്രഹിച്ചു. അത്ഭുതപൂർവമായ വികസനത്തിനാണ് അടുത്ത അഞ്ച് വര്‍ഷം ലക്ഷ്യമിടുന്നത്. 2047ല്‍ വികസിതരാജ്യം എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഏറ്റവും വലിയ സുവര്‍ണ്ണ നിമിഷം വരുന്ന അഞ്ച് വര്‍ഷമാണ്. അടുത്ത തവണ, ഓഗസ്റ്റ് 15 ന്, ഈ ചെങ്കോട്ടയില്‍ നിന്ന് രാജ്യത്തിന്റെ നേട്ടങ്ങളും വികസനങ്ങളും ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുമെന്നും നരേന്ദ്രമോദി വ്യക്തമാക്കി. കൂടാതെ, ഇന്ത്യയുടെ പ്രതിരോധമേഖല സുശക്തമെന്നും ഭീകരാക്രമണങ്ങള്‍ വലിയ രീതിയില്‍ കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ ബാഗില്‍ തൊടരുത് എന്ന മുന്നറിയിപ്പുകള്‍ നമ്മളെ അസ്വസ്ഥരാക്കിയ കാലമുണ്ടായിരുന്നു, എന്നാൽ, ഇന്ന് സ്ഥിതി മാറി. പ്രതിരോധ സേനകളെ പ്രകീര്‍ത്തിച്ച പ്രധാനമന്ത്രി, ഇന്ത്യ കൈവരിച്ച സാമ്പത്തിക പുരോഗതിയാണ് പ്രതിരോധമേഖലയെ ശക്തിപ്പെടുത്തുന്നതിന് സഹായിച്ചതെന്നും പ്രസംഗത്തില്‍ വ്യക്തമാക്കി. അതേസമയം, അഴിമതി, സ്വജനപക്ഷപാതം, പ്രീണനം എന്നിവയാണ് രാജ്യത്തെ പ്രധാന തിന്മകള്‍. ഇവയ്ക്കെതിരെ പോരാടണമെന്നും 2047ല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കുമ്പോള്‍ ഇന്ത്യ ഒരു വികസിത രാജ്യമായിരിക്കുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കൂടാതെ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യയെ മാറ്റുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നൽകി. ഇന്ത്യയുടെ വികസന നേതൃത്വത്തിൽ മുൻനിരയിലുള്ളത് സ്ത്രീകളാണ്. രാജ്യത്തെ മുന്നോട്ട് നയിക്കുന്നത് സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനമാണ്. സിവിൽ ഏവിയേഷനിൽ ഏറ്റവും കൂടുതൽ പൈലറ്റുമാരുള്ളത് ഇന്ത്യയിലാണെന്നും തികഞ്ഞ അഭിമാനത്തോടെ തന്നെ ഇക്കാര്യം ലോകത്തെ അറിയിക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൂടാതെ, വനിതാ ശാസ്ത്രജ്ഞരാണ് ചന്ദ്രയാൻ്റ പ്രവർത്തനങ്ങളെ നയിക്കുന്നത്. ജി20 രാജ്യങ്ങളും സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നുണ്ടെന്നും അത്തരത്തിൽ തിരിച്ചറിവ് വരുത്താൻ രാജ്യത്തിനായി എന്നതിൽ എല്ലാവർക്കും അഭിമാനിക്കാമെന്നും നരേന്ദ്രമോദി വ്യക്തമാക്കി.

Related Articles

Latest Articles