Monday, April 29, 2024
spot_img

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ജീവനൊടുക്കിയ സംഭവം: പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും,മന്ത്രവാദിയുടെ പങ്കും അന്വേഷിക്കും

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികള്‍ക്ക് മേല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ പൊലീസ്.

ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് ഭര്‍ത്താവായ ചന്ദ്രന്‍, ഭര്‍തൃമാതാവ് കൃഷ്ണമ്മ, ബന്ധുക്കളായ ശാന്ത, കാശി എന്നിവരെ അറസ്റ്റ് ചെയ്തതും റിമാന്‍ഡ് ചെയ്തതും. 14 ദിവസത്തേക്കാണ് നെയ്യാറ്റിന്‍കര ജില്ലാ സെഷന്‍സ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തത്. പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. ആത്മഹത്യയില്‍ മന്ത്രവാദിക്ക് പങ്കുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

സ്ത്രീധന പീഡനം, മന്ത്രവാദം, കുടുംബ പ്രശ്നങ്ങള്‍ എന്നിവ ആത്മഹത്യയ്ക്ക് കാരണമായെന്ന് വിശദമാക്കുന്ന വീട്ടമ്മയുടെ ആത്മഹത്യക്കുറിപ്പ് ഇന്നലെ പൊലീസ് കണ്ടെടുത്തിരുന്നു.

കുറിപ്പ് എഴുതിയതിന് പുറമേ ചുമരിലും മരണത്തിന് ഉത്തരവാദി ചന്ദ്രനും കൃഷ്ണമ്മയും ശാന്തയും കാശിയുമാണെന്ന് എഴുതി വച്ചാണ് ലേഖയും മകള്‍ വൈഷ്ണവിയും ആത്മഹത്യ ചെയ്തത്.

സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവിന്‍റെ അമ്മ കൃഷ്ണമ്മ വിഷം തന്ന് കൊലപ്പെടുത്താന്‍ നോക്കിയെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. നാട്ടുകാരോട് തന്നെയും മകളെയും കുറിച്ച്‌ തെറ്റായ പ്രചാരണം നടത്തിയെന്നും ആത്മഹത്യാ കുറിപ്പ് വിശദമാക്കുന്നു. ഭാര്യ എന്ന സ്ഥാനം ഒരിക്കല്‍ പോലും നല്‍കിയില്ലെന്നും ലേഖയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയും ചെയ്തതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Related Articles

Latest Articles