Wednesday, May 29, 2024
spot_img

ഗുര്‍പട്‌വന്ത് സിങ് പന്നുവിനെതിരെ നടപടിയുമായി എൻഐഎ !അമൃത്സറിലെയും ചണ്ഡീഗഡിലെയും വീടും കൃഷിഭൂമിയും കണ്ടുകെട്ടി

ഖാലിസ്ഥാൻ തീവ്രവാദി സംഘടന സിഖ് ഫോര്‍ ജസ്റ്റിസ് തലവന്‍ ഗുര്‍പട്‌വന്ത് സിങ് പന്നുവിനെതിരെ നടപടിയുമായി ദേശീയ അന്വേഷണ ഏജന്‍സി . അമൃത്സറിലെയും ചണ്ഡീഗഡിലെയും വീടും കൃഷിഭൂമിയും എൻഐഎ കണ്ടുകെട്ടി. പലയിടങ്ങളിലും പരിശോധന തുടരുകയാണ്. യുഎപിഎ നിയമപ്രകാരമാണ് നടപടി. പഞ്ചാബ് മൊഹാലിയിലെ എസ്എഎസ് നഗറിലെ എൻഐഎ പ്രത്യേക കോടതിയുടെ ഉത്തരവ് പ്രകാരം, ചണ്ഡീഗഡിലെ സെക്ടർ 15 സിയിലെ പന്നുവിന്റെ വസതിയുടെ നാലിലൊന്ന് ഭാഗം കണ്ടുകെട്ടുന്നതായി എന്‍ഐഎ അറിയിച്ചു.

2020 ജൂലൈയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പന്നുവിനെ തീവ്രവാദിയായി പ്രഖ്യാപിക്കുകയും കർശനമായ നിയമവിരുദ്ധ പ്രവർത്തന (തടയൽ) നിയമത്തിലെ സെക്ഷൻ 51എ പ്രകാരം, അദ്ദേഹത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ സർക്കാർ ഉത്തരവിടുകയും ചെയ്തിരുന്നു. അമൃത്സറിലെ ഖാന്‍കോട്ടിലെ പന്നുവിന്റെ പൂർവിക സ്വത്തായ കൃഷി ഭൂമിയിലും നോട്ടീസ് പതിച്ചിട്ടുണ്ട്. 2020 ൽ രജിസ്റ്റർ ചെയ്‌ത കേസുമായി ബന്ധപ്പെട്ടാണ് അഞ്ച് ഏക്കറിൽ കൂടുതൽ വരുന്ന കൃഷിഭൂമി കണ്ടുകെട്ടിയതെന്നും എൻഐഎ നോട്ടീസില്‍ വ്യക്തമാക്കി.

അമേരിക്ക, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളിലെ ഭാരതത്തിന്റെ കോൺസുലേറ്റുകൾ ആക്രമിക്കപ്പെട്ടതിന്റെ തലച്ചോർ ഇയാളുടേതാണെന്നാണ് വിവരം. പഞ്ചാബിനെ മതത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സ്വതന്ത്ര രാഷ്ട്രമാക്കാനായി അഭിപ്രായം രേഖപ്പെടുത്താൻ ലോകമെമ്പാടുമുള്ള സിഖുകാരെ ക്ഷണിച്ച ഖാലിസ്ഥാൻ റഫറണ്ടത്തിന്റെ പ്രധാന സംഘാടകനുമായിരുന്നു ഇയാള്‍.

അമേരിക്കയില്‍ വച്ചാണ് പന്നു സിഖ് ഫോര്‍ ജസ്റ്റീസ് എന്ന സംഘടന രൂപീകരിച്ചത്. കാനഡയിലെ ഹിന്ദുക്കളെല്ലാവരും ഇന്ത്യയിലേക്ക് മടങ്ങിപ്പോകണമെന്നും ഇയാള്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. ജി20 ഉച്ചകോടിക്ക് മുന്നോടിയായി ദില്ലിയിലെ പൊതുയിടങ്ങളിൽ ഖാലിസ്ഥാന്‍ അനുകൂല ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടതിലും പന്നുവിന് പങ്കുണ്ടെന്ന് നേരത്തെ തെളിഞ്ഞിരുന്നു. മുദ്രാവാക്യമെഴുതിയ രണ്ടുപേര്‍ക്ക് 5000 യുഎസ് ഡോളറാണ് പന്നു പാരിതോഷികമായി നല്‍കിയത്.

Related Articles

Latest Articles