Wednesday, May 8, 2024
spot_img

“കൈകളിൽ രക്തക്കറയുള്ള ഭീകരനെ എന്തിന് സംരക്ഷിച്ചുവെന്ന് ട്രൂഡോയ്ക്ക് മറുപടി പറയേണ്ടി വരും !അയാൾ അധികനാള്‍ പ്രധാനമന്ത്രി പദത്തില്‍ ഉണ്ടാകില്ല. ട്രൂഡോ പോയതിനു ശേഷവും അമേരിക്കയ്ക്കു കാനഡയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ കഴിയും” അമേരിക്ക ആർക്കൊപ്പമെന്ന് പറയാതെ പറഞ്ഞ് പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥൻ മൈക്കിള്‍ റൂബിന്‍

വാഷിങ്ടന്‍ : ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഭാരതത്തിനെതിരെ ആരോപണമുന്നയിച്ചതിലൂടെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഗുരുതരമായ പിഴവാണു വരുത്തിയിരിക്കുന്നതെന്ന് പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥനും അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫെലോയുമായ മൈക്കിള്‍ റൂബിന്‍ വ്യക്തമാക്കി. തെളിയിക്കാന്‍ കഴിയാത്ത ആരോപണമാണ് ട്രൂഡോ ഉന്നയിച്ചിരിക്കുന്നതെന്നും കൈകളില്‍ രക്തക്കറയുള്ള ഒരു ഭീകരനെ കാനഡ സര്‍ക്കാര്‍ എന്തുകൊണ്ടാണു സംരക്ഷിച്ചിരുന്നതെന്ന് ട്രൂഡോ വിശദീകരിക്കേണ്ടി വരുമെന്നും റൂബിന്‍ തുറന്നടിച്ചു.

“ട്രൂഡോയുടെ പ്രസ്താവന ഇന്ത്യയേക്കാള്‍ കാനഡയ്ക്കാണ് വലിയ അപകടമുണ്ടാക്കുന്നത്. ആര്‍ക്കൊപ്പം നില്‍ക്കണമെന്ന ചോദ്യം അമേരിക്കയ്ക്കു മുന്നില്‍ വന്നാല്‍ ‘ഏറെ സുപ്രധാനമായ ബന്ധം’ എന്ന നിലയില്‍ അവര്‍ ഭാരതത്തെ തെരഞ്ഞെടുക്കും. അമേരിക്കയെ സംബന്ധിച്ചിടത്തോളം കാനഡയേക്കാള്‍ ഏറെ തന്ത്രപ്രധാനമാണ് ഭാരതവുമായുള്ള ബന്ധം. ഭാരതവുമായി പോരടിക്കാന്‍ കാനഡ ശ്രമിക്കുന്നത് ‘ആനയ്ക്കെതിരേ ഉറുമ്പ് പോരിനിറങ്ങുന്നതു’ പോലെയാണ്. ട്രൂഡോ അധികനാള്‍ പ്രധാനമന്ത്രി പദത്തില്‍ ഉണ്ടാകില്ല. അയാള്‍ പോയതിനു ശേഷവും അമേരിക്കയ്ക്കു കാനഡയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ കഴിയും.

രണ്ടു സൗഹൃദരാജ്യങ്ങള്‍ക്കിടയില്‍ ഒരു തെരഞ്ഞെടുപ്പിന് അമേരിക്ക തയാറാകില്ലായിരിക്കാം. എന്നാല്‍ ആ സാഹചര്യമുണ്ടായാല്‍ അമേരിക്ക ഇന്ത്യയെയാവും പിന്തുണയ്ക്കുക. നിജ്ജാര്‍ ഒരു ഭീകരനായിരുന്നു എന്നതും അമേരിക്ക -ഭാരതം ബന്ധം ഏറെ സുപ്രധാനമാണ് എന്നതുമാണ് ഇതിനു കാരണം. ലോകത്തെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ചൈനയുടെ നിലപാടുകള്‍, ഇന്ത്യന്‍ മഹാസമുദ്രത്തിലെയും പസിഫിക്കിലെയും പ്രശ്‌നങ്ങള്‍ എന്നിവ കണക്കിലെടുക്കുമ്പോള്‍ അമേരിക്കയ്ക്ക് കാനഡയേക്കാള്‍ പ്രധാനം ഭാരതത്തിന്റെ പിന്തുണയാണ്.- റൂബിന്‍ പറഞ്ഞു.

ജൂണിൽ ഖാലിസ്ഥാനി വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ട സംഭവത്തിൽ ഭാരതത്തിന്റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്ക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പാർലമെന്റിൽ ആരോപിച്ചതിനെത്തുടർന്ന് ഭാരതവും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണിരിക്കുകയാണ്. നയതന്ത്ര ബന്ധം മോശമായതിനു പിന്നാലെ കേന്ദ്രസർക്കാർ കനേഡിയൻ പൗരന്മാർക്ക് വീസ നൽകുന്നത് താത്കാലികമായി നൽകുന്നത് നിർത്തിവയ്ക്കുകയും രാജ്യത്തെ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കാൻ കാനഡയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കനേഡിയൻ നയതന്ത്രജ്ഞർ ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ നിർദേശം. പിന്നാലെ കഴിഞ്ഞ ദിവസം ആരോപണം വീണ്ടും ഉന്നയിച്ച ട്രൂഡോ ഇതിനുള്ള തെളിവുകളും പക്കലുണ്ടെന്ന് അറിയിച്ചു. നിജ്ജാറിന്റെ കൊലയുമായി ബന്ധപ്പെട്ട് കാനഡയിലുള്ള ഭാരതത്തിന്റെ യതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പെട്ട ആശയവിനിമയത്തിന്റെ വിവരങ്ങൾ കാനഡയുടെ പക്കലുണ്ടെന്ന് കനേഡിയൻ മാദ്ധ്യമമായ ‘സിബിസി ന്യൂസ്’ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. കാനഡ കൂടി ഭാഗമായ രഹസ്യാന്വേഷണ സഖ്യത്തിലെ (5 Eyes) മറ്റൊരു രാജ്യവും ഇതുസംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

Related Articles

Latest Articles