Friday, May 17, 2024
spot_img

ഓടിയൊളിക്കാൻ ഇടമില്ലാതെ ഖാലിസ്ഥാൻ തീവ്രവാദികൾ !വിവിധ സംസ്ഥാനങ്ങളിലായി 51 ഇടങ്ങളിൽ പരിശോധന നടത്തി എൻഐഎ

ദില്ലി : ഖാലിസ്ഥാൻ തീവ്രവാദികളുടെ വേരറുക്കുന്ന നടപടികളുമായി എൻഐഎ മുന്നോട്ട്. കാനഡ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ച് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഖാലിസ്ഥാൻ ഭീകരരുമായി ഭീകരരുമായി ബന്ധമുള്ളവരുടെ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. വിവിധ സംസ്ഥാനങ്ങളിലായാണ് പരിശോധന നടന്നത്.

ലോറൻസ് ബിഷ്ണോയ്, അർഷ്ദീപ് ദല്ല തുടങ്ങിയ ഗുണ്ടാ നേതാക്കളുമായി ബന്ധമുള്ള 51 സ്ഥലങ്ങളിലാണ് പരിശോധന. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ദില്ലി എന്നിവടങ്ങളിൽ രാവിലെ മുതലാണ് പരിശോധന തുടങ്ങിയത്. പഞ്ചാബിൽ മാത്രം 30 സ്ഥലങ്ങളിൽ പരിശോധന നടത്തി.

പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹർവീന്ദർ സിങ് റിന്ദ, യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുർപട്‍വന്ത് സിങ് പന്നു എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും പരിശോധന നടന്നു. പന്നുവിന്റെ ചണ്ഡിഗഡ്, അമൃത്‌സർ എന്നിവിടങ്ങളിലെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടിയിരുന്നു. 2019 മുതൽ പന്നുവിനെതിരെ അന്വേഷണം നടത്തുകയാണ്. രണ്ട് ദിവസം മുൻപ് പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും എൻഐഎ പരിശോധന നടത്തിയിരുന്നു.

ജൂണിൽ ഖാലിസ്ഥാനി വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ട സംഭവത്തിൽ ഭാരതത്തിന്റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പാർലമെന്റിൽ ആരോപിച്ചതിനെത്തുടർന്ന് ഭാരതവും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ പ്രശ്നങ്ങൾ രൂപപ്പെട്ടതിന് പിന്നാലെ ഭീകരർക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ടു പോകുകയാണ് എൻഐഎ. നോട്ടപ്പുള്ളികളാക്കേണ്ട 19 ഖലിസ്ഥാൻ ഭീകരരുടെ പട്ടിക നേരത്തെ എൻഐഎ തയ്യാറാക്കിയിരുന്നു. ഭീകരരുടെ പട്ടിക തയ്യാറാക്കി സ്വത്ത് വകകൾ കണ്ടുകെട്ടി, ഇവരുടെ സാമ്പത്തിക ലഭ്യത തടയുന്നതിനുള്ള നടപടികളാണ് ആലോചിക്കുന്നത്.ഇതിന് പുറമെ ഇവരെ ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി വിദേശ രാജ്യങ്ങളിൽ കഴിയുന്നവർക്കെതിരെ കർശന നടപടി ആവശ്യപ്പെടുകയും ചെയ്യും. തീവ്രവാദികളുടെ സാമ്പത്തിക നിക്ഷേപത്തെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങളാണ് ഇന്ത്യയ്ക്ക് ലഭിച്ചിട്ടുള്ളത്. അമേരിക്ക, കാനഡ, ബ്രിട്ടൺ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് കടന്ന ഖാലിസ്ഥാൻ ഭീകരുടെ പട്ടികയാണ് എൻഐഎ തയ്യാറാക്കുന്നത്. 19 പേരുടെ വിവരങ്ങൾ ഇതിനോടകം ശേഖരിച്ചു കഴിഞ്ഞു. സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്കാകും ആദ്യം കടക്കുക. ഇവരെ കൈമാറാനും ആവശ്യപ്പെടും. ആഡംബര നൗകകളിൽ മുതൽ സിനിമകളിൽ വരെ ഭീകരർ കാനഡയിൽ സാമ്പത്തിക നിക്ഷേപം നടത്തിയിട്ടുണ്ടെന്ന വിവരവും എൻഐഎക്ക് കിട്ടിയിട്ടുണ്ട്. കനേഡിയൻ പ്രീമിയർ ലീഗിലും തായ്‌ലൻഡിലെ ക്ലബുകളിലും ബാറുകളിലും ഇവർക്ക് നിക്ഷേപമുണ്ട്.

സിഖ് ഫോര്‍ ജസ്റ്റിസ് തലവന്‍ ഗുര്‍പട്‌വന്ത് സിങ് പന്നുവിന്റെ അമൃത്സറിലെയും ചണ്ഡീഗഡിലെയും വീടും കൃഷിഭൂമിയും എൻഐഎ കണ്ടുകെട്ടിയതും ഈ നടപടികളുടെ ഭാഗമായാണ്.

Related Articles

Latest Articles