പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെ ഭീകരാക്രമണം നടന്ന സംഭവത്തില്‍ ഏഴ് പേരെ കസ്റ്റഡിയിലെടുത്ത് ജമ്മു കശ്മീര്‍ പോലീസ്. ആക്രമണത്തിന്റെ ഗൂഢാലോചനയില്‍ ഒന്നിലധികം പേര്‍ക്ക് പങ്കുണ്ടെന്ന് എന്‍.ഐ.എ കണ്ടെത്തി.
ഇതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുള്ളത് അബ്ദുള്‍ റാഷിദ് ഗാസിയാണ്. ഇയാള്‍ അഫ്ഗാന്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. പുല്‍വാമയിലെയും താലിലെയും കാടുകളില്‍ നിന്നും കുന്നുകളില്‍ നിന്നുമാണ് ഇയാള്‍ ഇന്ത്യക്കെതിരെ പ്രവര്‍ത്തിച്ചിരുന്നത് . 70 പേരില്‍ നിന്നും ഒരാളെയാണ് ചാവേര്‍ ആക്രമണത്തിന് തെരഞ്ഞെടുത്തതെന്ന് ഇന്റലിജന്‍സ് വിഭാഗം വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ടയാൾ കാറ്റഗറി സി യില്‍ പെടുന്ന ഭീകരവാദിയായതിനാലാണ് അധികം ശ്രദ്ധ ചെലുത്താന്‍ സാധിക്കാതിരുന്നതെന്നും ഇന്റലിജന്‍സ് വ്യക്തമാക്കി.
സ്‌ഫോടനത്തിന് വേണ്ടി ഉപയോഗിച്ച വസ്തു ആര്‍.ഡി.എക്‌സ് ആണെന്ന സംശയത്തിലാണ് എന്‍.ഐ.എ.

ആക്രമണം നടത്തിയ ആദില്‍ അഹ്മദ് ദര്‍ ജെയ്‌ഷെ മുഹമ്മദിന്റെ പരിശീലന ക്യാംപ സന്ദര്‍ശിച്ചിട്ടുണ്ടാകുമെന്നും അന്വേഷണ ഏജന്‍സികള്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മൂന്ന് മാസമായി ആദില്‍ അഹ്മദ് ദറെയെ കാണാനില്ലായിരുന്നു. പത്താം ക്ലാസ് പാസായ ആദില്‍ ജയ്ഷില്‍ 2018 ഏപ്രിലിലാണ് ഭീകരസംഘടനയിൽ ചേര്‍ന്നതെന്ന് പറയപ്പെടുന്നു.
പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമായി തന്നെ തുടരുകയാണ്.