Sunday, May 19, 2024
spot_img

നിമിഷ പ്രിയയുടെ അമ്മയ്ക്ക് യമനിലേക്ക് പോകാം ! അനുമതി നൽകി ദില്ലി ഹൈക്കോടതി

യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയ്ക്ക് യമനിലേക്ക് പോകാന്‍ ദില്ലി ഹൈക്കോടതിയുടെ അനുമതി ലഭിച്ചു. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വിദേശകാര്യ മന്ത്രായത്തോട് കോടതി നിര്‍ദേശിച്ചു. യമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകിയാൽ പ്രതിക്കു ശിക്ഷായിളവു ലഭിക്കും. നിമിഷപ്രിയ കൊലപ്പെടുത്തിയെന്നാരോപിക്കുന്ന തലാലിന്റെ കുടുംബം ചർച്ചയ്ക്കു തയാറാണെന്നും 50 ദശലക്ഷം യെമൻ റിയാൽ നഷ്ടപരിഹാരത്തുക നൽകേണ്ടി വരുമെന്നും യെമൻ ജയിലധികൃതർ നേരത്തെ അറിയിച്ചിരുന്നു.ഇയാളുടെ കുടുംബവുമായി ബ്ലഡ് മണി ചര്‍ച്ചകള്‍ നടത്താന്‍ സൗകര്യമൊരുക്കണമെന്നായിരുന്നു നിമിഷയുടെ കുടുംബം ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

യമൻ നിലവിൽ ആഭ്യന്തര സംഘർഷങ്ങളിലൂടെ കടന്നു പോകുകയാണ്.ഇതിനാൽ തന്നെ എംബസി ജിബുട്ടിയിലേക്ക് മാറ്റിയിരിക്കുകയാണ്. സനയിലെ സര്‍ക്കാരുമായി നിലവില്‍ ഔപചാരിക ബന്ധങ്ങള്‍ രാജ്യത്തിനില്ല. അതിനാൽ തന്നെ നിമിഷ പ്രിയയുടെ കുടുംബം യമന്‍ സന്ദര്‍ശിച്ചാല്‍ അവിടുത്തെ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് സാധിക്കില്ല എന്നാണ് വിദേശകാര്യ മന്ത്രാലയം നേരത്തെ പ്രതികരിച്ചിരുന്നത്. കുടുംബം ഇപ്പോള്‍ യമന്‍ സന്ദര്‍ശിക്കുന്നത് യുക്തിപരമല്ലെന്ന് വ്യക്തമാക്കി യമൻ സന്ദർശിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ പ്രിയയുടെ അമ്മയ്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കത്ത് നല്‍കുകയും ചെയ്തിരുന്നു.

മോചന ചര്‍ച്ചകള്‍ക്കായി യമന്‍ സന്ദര്‍ശിക്കാന്‍ നിമിഷ പ്രിയയുടെ അമ്മയും, മറ്റ് മൂന്ന് പേരുമാണ് അനുമതി തേടി കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നത്. പ്രേമകുമാരിക്ക് പുറമെ, മകള്‍ മിഷേല്‍ ടോമി തോമസ്, സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ട്രഷറര്‍ കുഞ്ഞ് അഹമ്മദ് നടുവിലക്കണ്ടി, കോര്‍ കമ്മിറ്റി അംഗം സജീവ് കുമാര്‍ എന്നിവരാണ് യമനിലേക്ക് യാത്ര അനുമതി തേടിയത്.

കോടതി ഉത്തരവുവന്നതോടെ, നിമിഷപ്രിയയുടെ അമ്മയെ എങ്ങനെ യെമനില്‍ എത്തിക്കാം എന്നതിനെകുറിച്ചും ബ്ലഡ് മണി അടക്കമുള്ള കാര്യങ്ങളെ സംബന്ധിച്ചുമുള്ള നടപടികളിലേക്ക് വിദേശകാര്യമന്ത്രാലയം കടക്കും. വിഷയത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് വിദേശകാര്യമന്ത്രായമാണ്.

2017ൽ യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയ യെമനിലെ ജയിലിൽ തടവിൽ കഴിയുന്നത്.

Related Articles

Latest Articles