Saturday, January 3, 2026

ഇത് ചരിത്രനിമിഷം; സുപ്രീംകോടതിയിൽ ഒരേസമയം അധികാരമേറ്റ് ഒമ്പത് പുതിയ ജഡ്ജിമാർ

ദില്ലി: സുപ്രീംകോടതിയിൽ ഒരേസമയം അധികാരമേറ്റ് ഒമ്പത് പുതിയ ജഡ്ജിമാർ. കേരള ഹൈക്കോടതിയിൽ നിന്നുള്ള ജസ്റ്റിസ് സി.ടി രവികുമാറും മൂന്ന് വനിതകളും ഉൾപ്പെടെ ഒമ്പത് പേരാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഒമ്പത് പേര്‍ ഒരുമിച്ച് ചുമതലയേല്‍ക്കുന്നത്. ഇവരില്‍ മൂന്നു പേര്‍ വനിതകളാണ്. കോടതി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റീസ് എന്‍.വി രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇവർ ചുമതലയേറ്റതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 33 ആയി.

അതേസമയം ചുമതലയേറ്റ മൂന്ന് വനിതാ ജഡ്ജിമാരിൽ ജസ്റ്റിസ് ബി.വി നാഗരത്‌നയും ഉൾപ്പെടുന്നു. 2027ൽ ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസ് പദവിയിൽ എത്തുമെന്നു കരുതപ്പെടുന്ന ഒരാളാണ് ജസ്റ്റിസ് ബി.വി നാഗരത്‌ന. 1989ൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്ന ഇ.എസ് വെങ്കട്ടരാമയ്യയുടെ മകളാണ് ജസ്റ്റിസ് ബി.വി നാഗരത്ന. തെലങ്കാന ഹൈക്കോടതി ജസ്റ്റിസ് ഹിമ കോലി, ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റ് രണ്ട് വനിത ജഡ്ജിമാർ.

എന്നാൽ കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനുള്ളില്‍ എട്ട് ജഡ്ജിമാര്‍ വരെ ഒരുമിച്ച് ചുമതലയേറ്റ ചരിത്രമുണ്ട്. 1989ല്‍ ജസ്റ്റീസ് എം. ഫാത്തിമ ബീവി സുപ്രീം കോടതിയില്‍ എത്തിയത് മറ്റൊരു ചരിത്രമായി. നിലവില്‍ ജസ്റ്റീസ് ഇന്ദിര ബാനര്‍ജിയാണ് സുപ്രീം കോടതിയില്‍ ഉള്ള ഏക വനിത അംഗം. മദ്രാസ് ഹൈക്കോടതിയിലായിരുന്ന അവര്‍ 2018 ഓഗസ്റ്റ് 7നാണ് നിയമിതയായത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles