Wednesday, May 8, 2024
spot_img

നിര്‍ഭയ കേസ്: പ്രതികളോട് അന്ത്യാഭിലാഷം ആരാഞ്ഞ് തീഹാര്‍ ജയില്‍ അധികൃതര്‍

ദില്ലി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങി തിഹാര്‍ ജയില്‍ അധികൃതര്‍. ദില്ലി കൂട്ടബലാത്സംഗ കേസിലെ നാല് കുറ്റവാളികള്‍ക്കും അന്ത്യാഭിലാഷങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസ് നല്‍കി. അവസാന കൂടിക്കാഴ്ചയ്ക്കായി ആരെയാണ് കാണാന്‍ ആഗ്രഹിക്കുന്നത്? സ്വത്ത് ഉണ്ടെങ്കില്‍, അത് മറ്റൊരാള്‍ക്ക് കൈമാറാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടോ? മതപുസ്തകം വായിക്കാന്‍ ആഗ്രഹമുണ്ടോ? എന്നീ ചോദ്യങ്ങളാണ് നോട്ടീസിലുള്ളത്.

പ്രതികളായ മുകേഷ് സിംഗ്, വിനയ് ശര്‍മ്മ, അക്ഷയ് സിംഗ്, പവന്‍ ഗുപ്ത എന്നിവര്‍ നോട്ടീസിന് മറുപടി നല്‍കിയിട്ടില്ല. ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്കാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത്. നേരത്തെ ജനുവരി 22 ന് വധശിക്ഷ നടത്താനായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍, കേസിലെ പ്രതികളിലൊരാളായ മുകേഷ് സിങ് ദയാഹര്‍ജി നല്‍കിയതോടെ ശിക്ഷ നടപ്പാക്കുന്നത് നീണ്ടുപോവുകയായിരുന്നു.

മുകേഷിന്റെ ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയതോടെയാണ് ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കാനുള്ള പുതിയ മരണവാറണ്ട് കോടതി പുറപ്പെടുവിച്ചത്. സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കാട്ടി പ്രതികളിലൊരാളായ പവന്‍ ഗുപ്ത നല്‍കിയ അപ്പീലും സുപ്രീംകോടതി തള്ളിയിരുന്നു.

Related Articles

Latest Articles