Saturday, May 11, 2024
spot_img

നിര്‍ഭയ കേസ്: അക്ഷയ് സിംഗ് ഠാക്കൂറിന്റെ പുനഃപരിശോധന ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ദില്ലി: നിര്‍ഭയ കേസിലെ പ്രതി അക്ഷയ് സിംഗ് ഠാക്കൂറിന്റെ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി രാവിലെ പത്തരയ്ക്ക് പരിഗണിക്കും. പുതിയതായി രൂപീകരിച്ച ബഞ്ചിലെ ജസ്റ്റിസുമാരായ ആര്‍ ബാനുമതി, എഎസ് ബൊപ്പണ്ണ, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി കേള്‍ക്കുന്നത്. പുനപരിശോധന ഹര്‍ജി പരിഗണിക്കാന്‍ നേരത്തെ രൂപീകരിച്ച മൂന്നംഗ ബഞ്ചില്‍ നിന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേ പിന്മാറിയിരുന്നു.

കേസില്‍ മുന്‍പ് തന്റെ ബന്ധുവായ അഭിഭാഷകന്‍ അര്‍ജുന്‍ ബോബ്‌ഡേ ഹാജരായത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് പിന്മാറിയത്. മറ്റ് മൂന്ന് പ്രതികളുടെ പുനപരിശോധന ഹര്‍ജി പരിഗണിച്ചപ്പോള്‍ നിര്‍ഭയയുടെ കുടുംബത്തിനായി അഡ്വ. അര്‍ജുന്‍ ബോബ്‌ഡേ ഹാജരായിരുന്നു.

ദില്ലി കൂട്ട ബലാത്സംഗക്കേസിലെ നാല് പ്രതികളിലൊരാളായ അക്ഷയ് സിംഗ് ഠാക്കൂര്‍ ഡിസംബര്‍ 12 നാണ് പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. മറ്റ് മൂന്ന് പ്രതികളും സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികള്‍ 2018 ജൂലൈയില്‍ തള്ളിയിരുന്നു. മറ്റൊരു പ്രതിയായ വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി പിന്‍വലിച്ചതോടെ ഇയാളെ കഴിഞ്ഞയാഴ്ച തീഹാര്‍ ജയിലിലേക്ക് കൊണ്ടുവന്നിരുന്നു.

ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2012 ഡിസംബര്‍ 16 ന് ദില്ലിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ചാണ് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ സിംഗപ്പൂരില്‍ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും മരണത്തിന് കീഴടങ്ങി.

Related Articles

Latest Articles