Friday, May 10, 2024
spot_img

നിര്‍ഭയ കേസ്; മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്ന പ്രതിയുടെ ആവശ്യം ദില്ലി ഹൈക്കോടതി തള്ളി

ദില്ലി: മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. മുകേഷ് സിംഗിന് സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിശദമായ വാദം കേട്ട ശേഷമാണ് കോടതി ഹര്‍ജി തള്ളിയത്. മുകേഷ് സിംഗിന്റെ വാദം അംഗീകരിക്കാനാവില്ലെന്നാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്. നാല് പ്രതികളുടെയും വധശിക്ഷ ജനുവരി 22ന് രാവിലെ 7 മണിക്ക് നടപ്പാക്കാനാണ് ദില്ലി പട്യാല ഹൗസ് കോടതിയുടെ വാറന്റ്.

പ്രതി മുകേഷ് കുമാര്‍ സമര്‍പ്പിച്ചിരിക്കുന്ന ദയാഹര്‍ജിയില്‍ തീരുമാനമായ ശേഷം പുതിയ വാറണ്ട് പുറപ്പെടുവിക്കേണ്ടി വരുമെന്ന് ദില്ലി സര്‍ക്കാരും പൊലീസും, തിഹാര്‍ ജയിലിന്റെ അഭിഭാഷകനും വാദത്തിനിടെ ദില്ലി ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ആവശ്യത്തിലധികം സമയം മുകേഷ് കുമാറിന് ഉണ്ടായിരുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

പ്രതികള്‍ പല തവണകളായി ഹര്‍ജികള്‍ സമര്‍പ്പിക്കുന്നത് നിയമത്തിന്റെ നടപടി ക്രമത്തെ പരാജയപ്പെടുത്താന്‍ എന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയും കോടതിയില്‍ വാദിച്ചു.

മുകേഷ് സിംഗിന്റെയും കൂട്ടുപ്രതി വിനയ് ശര്‍മ്മയുടെയും തിരുത്തല്‍ ഹര്‍ജികള്‍ ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇന്നലെ തള്ളിയിരുന്നു. ഇതിന് പിന്നാലെ മുകേഷ് സിംഗ് ഇന്നലെ തന്നെ രാഷ്ട്രപതിക്ക് മുമ്പാകെ ദയാഹര്‍ജിക്ക് അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.

2012 ഡിസംബര്‍ 16-നാണ് 23 വയസ്സുള്ള പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ദില്ലിയില്‍ ബസ്സില്‍ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടര്‍ന്ന് ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബര്‍ 29-ന് മരണം സംഭവിച്ചു.

Related Articles

Latest Articles