അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട ലോൺ ആപ്പ് വിവാദത്തിൽ പോലീസ് നൽകുന്ന വിവരങ്ങളിൽ പുതിയ വിവാദം. നിതിൻ എടുത്ത ലോൺ ആപ്പിൽ നോമിനികളായി നൽകിയിരിക്കുന്നത് മാതാവ് ലതയുടെയും പിതാവ് രാജന്റെയും പേരുകളാണെന്ന് ചക്കരക്കൽ സി.ഐ അറിയിച്ചതോടെയാണ് ആശയക്കുഴപ്പങ്ങൾ തുടങ്ങിയത്.
നിതിന്റെ മാതാവ് ലതയ്ക്ക് ലോൺ ആപ്പിൽനിന്നും ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. എന്നാൽ, ഇപ്പോൾ അധ്യാപകർ ആരോപിക്കുന്ന ലോൺ ആപ്പിലെ നോമിനി ലതയല്ലെന്നാണ് പോലീസ് നൽകുന്ന പുതിയ വിശദീകരണം. നോമിനികളായി മാതാപിതാക്കൾ ഉള്ള ഒരു ആപ്പിൽ നിന്ന് എങ്ങനെയാണ് അദ്ധ്യാപകർക്ക് സന്ദേശങ്ങൾ ലഭിച്ചതെന്ന ചോദ്യമാണ് കുടുംബം പ്രധാനമായും ഉന്നയിക്കുന്നത്. ഈ വൈരുദ്ധ്യം അദ്ധ്യാപകരെ സംരക്ഷിക്കാൻ പോലീസ് നടത്തുന്ന നീക്കത്തിന്റെ ഭാഗമാണോ എന്ന് കുടുംബം ശക്തമായി സംശയിക്കുന്നു.
കേസിൽ ആരോപണവിധേയരായ അധ്യാപകരെ രക്ഷിക്കാൻ പോലീസ് ബോധപൂർവ്വം ഇടപെടുന്നുണ്ടോ എന്ന ആശങ്ക കുടുംബം പങ്കുവെക്കുന്നുണ്ട്. അദ്ധ്യാപകർക്ക് ലഭിച്ചുവെന്ന് പറയുന്ന സന്ദേശങ്ങളുടെ ഉറവിടം കൃത്യമായി കണ്ടെത്തണമെന്നും, സംഭവത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം

