Friday, May 17, 2024
spot_img

ഹമാസുമായി ഒരു കരാറിലും ഏർപ്പെട്ടിട്ടില്ല; ബന്ദികളാക്കിയ എല്ലാവരും തിരികെ എത്തുന്നത് വരെ വെടിനിർത്തൽ ഉണ്ടാകില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഹമാസ് ഭീകരവാദികൾ ബന്ദികളാക്കിയ എല്ലാ ആളുകളെയും മോചിപ്പിക്കുന്നത് സംബന്ധിച്ച് ഒരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്ന് ഇസ്രായേലും അമേരിക്കയും. ഇസ്രായേലും ഹമാസുമായി കരാറിൽ ഏർപ്പെട്ടുവെന്നും ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി യുദ്ധം അഞ്ച് ദിവസത്തേക്ക് നിർത്തിവയ്‌ക്കാനുമാണ് കരാറിൽ പറയുന്നതെന്നും വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ഇത്തരമൊരു കരാറിൽ തങ്ങൾ ഏർപ്പെട്ടിട്ടില്ലെന്ന് ഇസ്രായേൽ ഔദ്യോഗിക പ്രസ്താവന ഇറക്കിയത്.

അമ്പതോ അതിലധികമോ ബന്ദികളെ മോചിപ്പിക്കാനാണ് ധാരണയായതെന്നും ഇതിൽ പറഞ്ഞിരുന്നു. ഖത്തറിന്റെ മധ്യസ്ഥതയിലാണ് അമേരിക്കയും ഇസ്രായേലും ഹമാസും ഈ തീരുമാനത്തിൽ എത്തിയതെന്നായിരുന്നു ഈ വാർത്തയിൽ പറഞ്ഞിരുന്നത്.

ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹമാസുമായി ഒരു കരാറിലും ഇതുവരെ ഒപ്പ് വച്ചിട്ടില്ലെന്നും നെതന്യാഹു പറയുന്നു. ”ബന്ദികളാക്കപ്പെട്ട എല്ലാവരേയും വീടുകളിലേക്ക് തിരികെ കൊണ്ടുവരാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഇതിനായി ഒറ്റക്കെട്ടായുള്ള പരിശ്രമത്തിലാണ് ഞങ്ങൾ എല്ലാവരുമെന്നും” നെതന്യാഹു പറഞ്ഞു. കരാറിൽ ഏർപ്പെട്ടുവെന്ന വാർത്ത തെറ്റാണെന്ന് വൈറ്റ് ഹൗസും അറിയിച്ചിട്ടുണ്ട്. അത്തരമൊരു കരാറിന് വേണ്ടിയാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അത് നടപ്പാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും വൈറ്റ് ഹൗസ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.

Related Articles

Latest Articles