Friday, May 17, 2024
spot_img

ഗാന്ധി ജയന്തി മാത്രമല്ല, ശാസ്ത്രി ജയന്തി കൂടിയാണ്…! സെെന്യത്തോടൊപ്പം നിന്ന് പാകിസ്ഥാനെ തോൽപ്പിച്ച ധീരൻ, ലാൽബഹദൂർ ശാസ്ത്രിയുടെ ജന്മദിനമാചരിച്ച് ഭാരതം

ഒക്ടോബർ രണ്ട് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനം മാത്രമല്ല, നെഹ്രുവിന് ശേഷം ഭാരതത്തിന്റെ സാരഥ്യം ഏറ്റെടുത്ത കർമ്മയോഗി ലാൽബഹദൂർ ശാസ്ത്രിയുടെ ജന്മദിനം കൂടിയാണ്. സാധാരണക്കാർക്കൊപ്പം ചേർന്നു നിന്ന് ‘ജയ്ജവാൻ ജയ് കിസാൻ’ എന്ന ആപ്തവാക്യം ഉയർത്തിപ്പിടിച്ച ഭരണകർത്താവ്. സെെന്യത്തോടൊപ്പം നിന്ന് പാകിസ്ഥാനെ തോൽപ്പിച്ച ധീരൻ ലാൽ ബ​ഹദൂർ ശാസ്ത്രിയുടെ ജന്മദിനം ആചരിക്കുകയാണ് ഇന്ന് രാജ്യം. 1904 ഒക്ടോബർ 2 ന് ഉത്തർപ്രദേശിലെ ഒരു ചെറിയ പട്ടണമായ മുഗൾസരായിയിലായിരുന്നു ശാസ്ത്രിയുടെ ജനനം. പിതാവ് സ്കൂൾ അദ്ധ്യാപകനായിരുന്നു. ലാലിന് ഒന്നര വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ പിതാവ് മരിച്ചു. അമ്മയ്ക്കും മറ്റു സഹോദരങ്ങൾക്കൊപ്പം അച്ഛന്റെ വീട്ടിൽ പിന്നീട് ശാസ്ത്രി വളർന്നു.

ചെറിയ പട്ടണത്തിലെ സ്കൂൾ വിദ്യാഭ്യാസം അനുയോജ്യമല്ലാത്തതിനാൽ അദ്ദേഹത്തെ ഹൈസ്കൂൾ പഠനത്തിനായി വാരണാസിയിലേക്ക് അയച്ചു. പിന്നീട് മഹാത്മാ​ഗാന്ധിയുടെ ആശയങ്ങളിൽ ആകൃഷ്ടനായി സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെത്തുകയായിരുന്നു അ​ദ്ദേഹം. ഗാന്ധിജി തന്റെ നാട്ടുകാരോട് നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേരാൻ ആഹ്വാനം ചെയ്യുമ്പോൾ ലാൽ ബഹദൂർ ശാസ്ത്രിക്ക് പതിനാറ് വയസ്സ് മാത്രം. പിന്നീട് അദ്ദേഹം ഗാന്ധിജിയുടെ ഉത്തമ ശിഷ്യനായി മാറി.

മുഗൾസരായിലെയും വാരാണസിയിലെയും ഈസ്റ്റ് സെൻട്രൽ റെയിൽവേ ഇന്റർ കോളേജിൽ പഠിച്ച ശാസ്ത്രി 1926-ൽ കാശി വിദ്യാപീഠത്തിൽ നിന്ന് ബിരുദം പൂർത്തിയാക്കി. ഈ ബിരുദം നേടിയപ്പോഴാണ് പണ്ഡിതൻ എന്ന അർത്ഥത്തിൽ “ശാസ്ത്രി” എന്ന വാക്ക് പേരിനൊപ്പം ചേർന്നത്. ലാലാ ലജ്പത് റായ് സ്ഥാപിച്ച സെർവന്റ്സ് ഓഫ് പീപ്പിൾ സൊസൈറ്റിയിൽ (ലോക് സേവക് മണ്ഡലം) അംഗമായ ശേഷം പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയും പിന്നീട് അദ്ദേഹം അതേ സൊസൈറ്റിയുടെ തന്നെ പ്രസിഡന്റാവുകയും ചെയ്തു. മഹാത്മാഗാന്ധിക്ക് പുറമെ ലോകമാന്യ ബാല​ഗം​ഗാധര തിലകും അദ്ദേഹത്തിന് പ്രചോദനമേകിയിട്ടുണ്ട്. 1920-ൽ അദ്ദേഹം സ്വാതന്ത്ര്യ സമരത്തിൽ ചേർന്നു. പോരാട്ടത്തിനിടെ ‘ജയ് ജവാൻ ജയ് കിസാൻ’ എന്ന പ്രസിദ്ധമായ മുദ്രാവാക്യവും അദ്ദേഹം നൽകി. നിസ്സഹകരണ പ്രസ്ഥാനത്തിലും ഉപ്പുസത്യാഗ്രഹത്തിലും പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചു.

ജവഹർലാൽ നെഹ്‌റുവിന്റെ പെട്ടെന്നുള്ള മരണശേഷം, 1964 ജൂൺ 9-ന് ലാൽ ബഹദൂർ ശാസ്ത്രി ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായി. പാലുൽപ്പാദനത്തിൽ സ്വയം പര്യാപ്തത നേടാനായി നടപ്പിലാക്കിയ ധവളവിപ്ലവവും, ഭക്ഷ്യ സ്വയംപര്യാപ്തതക്ക് വേണ്ടി നടപ്പിലാക്കിയ വിജയകരമായ പദ്ധതികളും, 1965 ൽ പാകിസ്ഥാനെതിരെ നേടിയ യുദ്ധവിജയവുമെല്ലാം അദ്ദേഹത്തിന്റെ ഭരണ നേട്ടങ്ങളാണ്. ആത്മനിർഭരതയിലേക്കുള്ള ഭാരതത്തിന്റെ കുതിപ്പിന് ലാൽബഹദൂർ ശാസ്ത്രി അടിത്തറ പാകിയെങ്കിലും പിന്നീട് വന്ന കോൺഗ്രസ് സർക്കാരുകൾ ആ നയങ്ങൾ വഴിയിലുപേക്ഷിച്ചു.

Related Articles

Latest Articles