Sunday, April 28, 2024
spot_img

ഇനി അല്പം പ്ലാസ്റ്റിക് മഴ ആസ്വദിക്കാം , മേഘങ്ങളിലും മഞ്ഞിലും പ്ലാസ്റ്റിക് ; പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം

പ്ലാസ്റ്റിക് എന്നത് മനുഷ്യജീവിതത്തിലെ ഒരു അവിഭാജ്യ ഘടകമായി മാറി കഴിഞ്ഞിരിക്കുന്നു.ഇതിന്റെ ഉപയോഗം എത്രമാത്രം ഭൂമിയെ മലിനമാക്കുന്നുവെന്നത് എപ്പോഴും ചർച്ചയാകാറുമുള്ളതാണ് .എന്നാൽ പൂർണ്ണമായും ഇത് ഒഴിവാക്കാൻ നമ്മുടെ സമൂഹത്തിന് കഴിഞ്ഞിട്ടില്ല.മനുഷ്യന്റെ ഇടപെടൽ മൂലം പ്രകൃതി എത്രമാത്രം മലിനമാക്കപ്പെട്ടുവെന്ന് സൂചിപ്പിക്കുന്ന ഒരു കണ്ടെത്തലുമായാണ് ഗവേഷകർ എത്തുന്നത്.മേഘങ്ങളിലും മഞ്ഞിലും പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയതായി ജപ്പാനിലെ ഗവേഷകർ പുറത്തു വിട്ട വിവരമാണ് ഏറെ ആശങ്ക ജനിപ്പിക്കുന്നത്. ജപ്പാനിലെ വസേഡ സർവകലാശാലയിൽ നിന്നുള്ള ഗവേഷണ പ്രസിദ്ധീകരണത്തിലാണ് ഇതുസംബന്ധിച്ച പഠന റിപ്പോർട്ടുള്ളത്.

പർവ്വതങ്ങളിൽ നിന്നുള്ള മൂടൽ മഞ്ഞ് ശേഖരിച്ചായിരുന്നു പഠനം. ഇവയിൽ നിന്നും പത്തോളം വ്യത്യസ്ത തരം പ്ലാസ്റ്റിക് കണികകൾ കണ്ടെത്തി. ഇതിൽ ഒമ്പതെണ്ണം പോളിമറുകളും ഒരെണ്ണം റബ്ബറുമാണ്. പ്ലാസ്റ്റിക്കുകളുടെ മൈക്രോസ്‌കോപിക് കണികകളാണ് കണ്ടെത്താൻ കഴിഞ്ഞത്. അഞ്ച് മില്ലി മീറ്ററിൽ താഴെയാണ് ഇവയുടെ വലിപ്പം. പ്ലാസ്റ്റിക് മലിനികരണത്തിന്റെ ഫലമാണിത്. പുറത്തേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കാലക്രമേണ കുഞ്ഞൻ കഷ്ണങ്ങളായി വിഘടിച്ച് അന്തരീക്ഷത്തിലേക്കും മനുഷ്യശരീരത്തിലേക്കും ജീവിവർഗങ്ങളിലേക്കും കടക്കുന്നു.

ജപ്പാനിലെ ഒയാമ പർവ്വതത്തിന്റെ കൊടുമുടിയിൽ നിന്നും ഫുജി പർവ്വതത്തിന്റെ മുകളിൽ നിന്നുമാണ് പഠനവിധേയമാക്കിയ മഞ്ഞും മേഘവും ശേഖരിച്ചത്. മേഘങ്ങളിൽ ഇത്തരത്തിൽ പ്ലാസ്റ്റിക് അടിഞ്ഞുകൂടുമ്പോൾ ഭാവിയിൽ പെയ്യാൻ പോകുന്ന മഴയിലും പ്ലാസ്റ്റിക് ഉണ്ടാകുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.കൂടാതെ ആഹാരമായി അകത്തെത്തുന്ന എല്ലാ പദാർത്ഥങ്ങളിലും, കഴിക്കുന്നതിലും കുടിക്കുന്നതിലുമെല്ലാം ഇത്തരത്തിൽ പ്ലാസ്റ്റിക് കണികകൾ അടങ്ങിയിട്ടുണ്ടാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.

Related Articles

Latest Articles