ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ എലൈറ്റ് സ്‌പെഷ്യൽ ഫോഴ്‌സിലേക്ക് ഇനി വനിതകളും.മൂന്ന് പ്രതിരോധ സേവനങ്ങളിൽ ഏതെങ്കിലുമൊരു വിഭാഗത്തിൽ ആദ്യമായി കമാൻഡോകളായി സേവനമനുഷ്ഠിക്കാൻ സ്ത്രീകളെ അനുവദിക്കുന്നു.കര, നാവിക, വ്യോമ സേനകളുടെ പ്രത്യേക ഫോഴ്‌സുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചില സൈനികർ മാത്രമാണ് എത്തുന്നത്.ഇന്ത്യൻ നാവിക സേനയുടെ പ്രത്യേക പ്രവർത്തന ഘടകമാണ് മാർക്കോസ് (MARCOS). മറൈൻ കമാൻഡോസ് എന്നതിന്റെ ചുരുക്ക രൂപമാണ് ഇത്. കരസേനയിലെ കരിമ്പൂച്ചകളുടെ (ബ്ലാക്ക് കാറ്റ്സ്) രീതിയിലുള്ള നാവിക കമാൻഡോസാണ് ഇവർ.
1991 ലാണ് ഈ വിഭാഗം ആദ്യമായി പ്രവർത്തനക്ഷമമായത്. ഇന്ത്യൻ സായുധസേനകളിൽ സിഖുകാരല്ലാത്തവർക്കും താടി വയ്ക്കാൻ അനുവാദം ഉള്ള ഏക സേനാ ഘടകമാണ് ഇത്. ഇപ്പോൾ നാവികസേന ഈ മൂന്ന് സേവനങ്ങളിലും ആദ്യമായി സ്ത്രീകൾക്ക് ഈ അവസരം നൽകുകയാണ് . ‘നാവികസേനയിലെ സ്ത്രീകൾക്ക് അവർ തെരഞ്ഞെടുക്കുകയും മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്താൽ ഇപ്പോൾ മറൈൻ കമാൻഡോകളാകാം (Marcos). ഇന്ത്യൻ സേനയുടെ ചരിത്രത്തിൽ ഇതൊരു പുതുമയാണ്. എന്നാൽ പ്രത്യേക സേനാ വിഭാഗങ്ങളിലേക്ക് ആരെയും നേരിട്ട് നിയോഗിച്ചിട്ടില്ല.

