Monday, May 6, 2024
spot_img

എൻഎസ്എസ് ബിജെപിയുമായി അടുക്കുന്നു? ആകാംഷയോടെ കേരളരാഷ്ട്രീയം; പിന്നിൽ അമിത്ഷാ യും രാജീവ് ചന്ദ്രശേഖറും

ചങ്ങനാശ്ശേരി:എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ചര്‍ച്ച നടത്തി. യുവാക്കളെ സംരംഭകരാക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുത്ത് നടത്തുന്നുണ്ടെന്നും അതില്‍ നായര്‍ സര്‍വീസ് സൊസൈറ്റിയും പങ്കാളിയാകണമെന്നും ഐടി നൈപുണ്യവികസന, സംരംഭകത്വ സഹമന്ത്രിയായ രാജീവ് ചന്ദ്രശേഖർ അഭ്യർത്ഥിച്ചു. കൂടാതെ കൂടുതല്‍ യുവാക്കളെ ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമാക്കി മാറ്റണമെന്നും അതിന് സംഘടന തന്നെ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം സുകുമാരന്‍ നായരോട് ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെ എന്‍.എസ്.എസിന്റെ നിലപാടില്‍ മാറ്റം വന്നിരിക്കുകയാണ് എന്നാണ് സൂചന.

ബി.ജെ.പിയുമായി സാമുദായിക അകലം നിലനിര്‍ത്തി സമദൂര നിലപാടിലൂന്നി മുന്നോട്ട് പോയ സമുദായ സംഘടനാ നേതൃത്വമായിരുന്നു എന്‍.എസ്.എസിന്റേത്. പലതവണ അടുക്കാന്‍ ബി.ജെ.പി ശ്രമം നടത്തിയെങ്കിലും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വഴങ്ങാനോ അടുക്കാനോ തയ്യാറായിരുന്നില്ല. സമുദായാംഗങ്ങള്‍ ഭൂരിപക്ഷവും അനുകൂല നിലപാടുമായി മുന്നോട്ട് പോയപ്പോഴും നേതൃത്വം അടുക്കാന്‍ വിമുഖത കാട്ടുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ കൂടിക്കാഴ്ചയോടെ കഥയാകെ മാറി മറിഞ്ഞിരിക്കുകയാണ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതികളായ ഡിജിറ്റല്‍ ഇന്ത്യയ്ക്കും സ്കില്‍ ഇന്ത്യയ്ക്കും പൂർണ്ണ പിന്തുണ നല്‍കണമെന്ന ചന്ദ്രശേഖറിന്റെ ആവശ്യം എന്‍.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരന്‍ നായര്‍ അംഗീകരിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. എന്‍.എസ്.എസിന്റെ ഭാഗത്ത് നിന്നുള്ള പൂർണ്ണമായ പിന്തുണ ലഭിച്ചെങ്കില്‍ മാത്രമേ ഇത് മുൻപോട്ട് കൊണ്ട് പോകാനാവൂ എന്ന് കേന്ദ്ര സഹമന്ത്രി സുകുമാരന്‍ നായരെ അറിയിക്കുകയായിരുന്നു.

ഡിജിറ്റല്‍ ഇന്ത്യയ്ക്ക് വളർച്ചയേകാനും ഡിജിറ്റല്‍ വിപ്ലവം നടക്കാനിരിക്കുന്ന ഇന്ത്യയിലെ യുവാക്കളെ സജ്ജമാക്കാനും എന്‍.എസ്.എസ് ഒരുക്കമാണെന്ന് സുകുമാരന്‍ നായര്‍ രാജീവ് ചന്ദ്രശേഖറിന് ഉറപ്പ് നല്‍കിയിട്ടുണ്ട് എന്നുമാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ചര്‍ച്ച നടത്തിയ കാര്യം രാജീവ് ചന്ദ്രശേഖര്‍ ട്വിറ്റ് ചെയ്തിരുന്നു.

കോവിഡിന് ഡിജിറ്റല്‍ വിപ്ലവത്തിന്റെയും നൈപുണ്യ വികസനത്തിന്റെയും സാധ്യതകള്‍ ഏറ്റവും ഉപയോഗപ്പെടുത്തുന്നത് ഇന്ത്യ ആയിരിക്കും. ഡിജിറ്റല്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ പദ്ധതികളാകും വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നത്. വരുന്ന ഒന്നോ രണ്ടോ ദശകങ്ങള്‍ ഇന്ത്യന്‍ യുവത്വത്തിന്റേതാണ്. ആഗോള തൊഴില്‍വിപണിയില്‍ ഏറ്റവും കൂടുതല്‍ സാധ്യതകള്‍ ഇന്ത്യന്‍ യുവാക്കള്‍ക്കു ലഭിക്കുന്ന പദ്ധതികളും നയങ്ങളുമാണു കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. വികസനത്തില്‍ നിന്നു രാഷ്ട്രീയം മാറ്റിവച്ചാല്‍ കേരളത്തിനും കുതിപ്പിന്റെ ഭാഗമാകാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല ജനസംഖ്യയുടെ 75 ശതമാനം യുവാക്കളാണ്. ആഗോള തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നൈപുണ്യ വികസനവും വൈദഗ്ധ്യവും വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. അതിനുള്ള മാര്‍ഗമാണ് സ്‌കില്‍ ഇന്ത്യ പദ്ധതിയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയും. ആഗോള ജോലി വിപണിയില്‍ മത്സരിക്കത്തക്ക വിധത്തിൽ യുവാക്കളെ പ്രാപ്തരാക്കും.

മാത്രമല്ല എല്ലാവര്‍ക്കും ഇന്റര്‍നെറ്റും അതുപയോഗിക്കാന്‍ ഉപകരണങ്ങളുമുണ്ടാകുമ്പോഴേ ഡിജിറ്റല്‍ വിഭജനം ഇല്ലാതാകൂ. 2015 ലാണ് പ്രധാനമന്ത്രി മോദി ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്കു തുടക്കമിട്ടത്. ഡിജിറ്റല്‍ മേഖലയിലെ പുരോഗതി കോവിഡ് സമയത്ത് ഉപകാരപ്പെട്ടു. സാമ്പത്തികമേഖല തിരിച്ചുവന്നത് അതിലൂടെയാണ്. വീട്ടിലിരുന്നു ജോലി, സോഫ്റ്റ്വെയർ കയറ്റുമതി, ടെക്‌സ്‌റ്റൈല്‍ കയറ്റുമതി, ഉല്‍പാദന മേഖലയിലെ കയറ്റുമതി, സര്‍ക്കാരിന്റെ പ്രവര്‍ത്തനം തുടങ്ങി എല്ലാം വലിയ തടസ്സങ്ങളില്ലാതെ നടന്നത് ഈ പദ്ധതി കാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles