Saturday, May 4, 2024
spot_img

പദവിയിൽ തുടരാൻ സ്‌പീക്കർക്ക് യോഗ്യതയില്ല; മാപ്പുപറയും വരെ പ്രതിഷേധം; മിത്ത് വിവാദത്തിൽ നിലപാട് കടുപ്പിച്ച് എൻ എസ് എസ് ഡയറക്ടർബോർഡ് യോഗം

പെരുന്ന: മിത്ത് വിവാദത്തിൽ ഒരിഞ്ചു പിന്നോട്ടില്ലെന്ന സൂചന നൽകി നിലപാട് കടുപ്പിച്ച് എൻ എസ് എസ്. പദവിയിൽ തുടരാൻ സ്‌പീക്കർക്ക് യോഗ്യതയില്ല. ഒഴിയാൻ തയ്യാറായില്ലെങ്കിൽ സർക്കാർ നടപടിയെടുക്കണം മാപ്പുപറയും വരെ പ്രതിഷേധം തുടരാനും, സ്‌പീക്കർക്കെതിരെ നിയമനടപടികളുടെ സാധ്യത തേടാനും ഇന്ന് രാവിലെ ചേർന്ന എൻ എസ് എസ് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. ഹിന്ദു ആരാധനാ മൂർത്തിയായ ഗണപതി ഭഗവാനെ അപഹസിച്ചുകൊണ്ടുള്ള പ്രസ്‌താവന പിൻവലിച്ച് മാപ്പുപറയണമെന്ന് എൻ എസ് എസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എൽ ഡി എഫ് എം എൽ എ കെ ബി ഗണേഷ് കുമാറും എൻ എസ് എസ് യോഗത്തിൽ പങ്കെടുത്തിരുന്നു. അന്തസ്സുള്ള തീരുമാനമെന്നായിരുന്നു യോഗാവസാനം അദ്ദേഹത്തിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. 28 ബോർഡ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.

പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്ന എൻ എസ് എസ് ആവശ്യം സിപിഎം തള്ളുകളും ഷംസീറിനെ പ്രതിരോധിക്കുകയും ചെയ്തതോടെയാണ് എൻ എസ് എസ് പ്രത്യക്ഷ സമരത്തിലെത്തിയത്. കഴിഞ്ഞ ആഗസ്റ്റ് രണ്ടിന് സംസ്ഥാന വ്യാപകമായി വിശ്വാസ സംരക്ഷണ ദിനം ആചരിക്കാൻ എൻ എസ് എസ് ആഹ്വനം നൽകിയിരുന്നു. അന്ന് തിരുവനന്തപുരത്ത് നടന്ന നാമജപ യാത്രയ്‌ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. എൻ എസ് എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഉൾപ്പെടെ ആയിരത്തിലധികം ഭക്തർക്ക് നേരെ പോലീസ് കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയം ചർച്ച ചെയ്യാനും ഭാവി നടപടികൾ ആലോചിക്കാനുമായി എൻ എസ് എസ് ഡയറക്ടർ ബോർഡിന്റെ അടിയന്തിര യോഗം ചേർന്നത്. നേരത്തെ ആർ എസ്സ് എസ്സിന്റെയും മറ്റ് പരിവാർ സംഘടനകളുടെയും പ്രതിനിധികൾ എൻ എസ് എസ് ആസ്ഥാനത്തെത്തി വിഷയത്തിൽ ചർച്ച നടത്തിയിരുന്നു.

Related Articles

Latest Articles