Thursday, May 16, 2024
spot_img

ഓട്‌സ് കഴിക്കുന്നത് നല്ലത് തന്നെ! എന്നാൽ അമിതമായാല്‍ വിപരീത ഫലവും സൃഷ്ടിക്കാം…

തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവരായാലും പ്രമേഹം ഉള്ളവരായാലും അത്പോലെ തന്നെ വേഗത്തില്‍ പാചകം ചെയ്ത് എടുക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള ഒരു ഭക്ഷ്യവസ്തു കൂടിയാണ് ഓട്‌സ്. ഇന്ന് പല രുചിയില്‍ ഓട്‌സ് ലഭ്യമാണ്. ഓട്‌സ് കഴിച്ചാല്‍ നിരവധിയാണ് ഗുണങ്ങള്‍. എന്നാല്‍, ഇതേ ഓട്‌സ് അമിതമായാലും പ്രശ്‌നമാണ്. പലര്‍ക്കും ഇതിനെക്കുറിച്ച് ശരിയായ ധാരണകള്‍ ഇല്ല എന്നതാണ് സത്യം.

ശരീരത്തില്‍ നിന്നും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും അതുപോലെ, രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഓട്‌സ് സഹായിക്കുന്നു. മാത്രമല്ല, ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഓട്‌സ് സഹായിക്കുന്നുണ്ട്. ആരോഗ്യ കാര്യത്തില്‍ മാത്രമല്ല, ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഓട്‌സ് നല്ലത് തന്നെ. ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുന്നതിനും അതുപോലെ തന്നെ, ചര്‍മ്മത്തിന് യുവത്വം നിലനിര്‍ത്തുന്നതിനും ഇത് സഹായിക്കുന്നുണ്ട്. കുട്ടികളിലെ ആസ്മ രോഗം നിയന്ത്രിക്കുന്നതിന് ഓട്‌സ് ഉപയോഗിക്കുന്നത് നല്ലതാണ്. അതുപോലെ, ചിലര്‍ക്ക് മലബന്ധ പ്രശ്‌നങ്ങള്‍ പതിവായി കാണാം. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഇത് നല്ലതാണ്.

ശരീരഭാരം കുറയ്ക്കുമ്പോള്‍

എല്ലാവരും ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് ഓട്‌സ് ആണ്. ചിലര്‍ ഓട്‌സ് കഞ്ഞിപോലെ വെച്ച് കുടിക്കും. ചിലര്‍ പാലില്‍ ചേര്‍ത്ത് കുടിക്കും. ചിലര്‍ സ്മൂത്തി തയ്യാറാക്കി കുടിക്കും. ഇത് എങ്ങിനെ കുടിച്ചാലും നല്ല ഗുണം ലഭിക്കണമെങ്കില്‍ അതിനും അതിന്റേതായ രീതികളുണ്ട്.
ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരാണെങ്കില്‍ പരമാവധി പശുവിന്‍ പാലില്‍ ഓട്‌സ് ഇട്ട് കുടിക്കരുത്. ഇത്തരത്തില്‍ ചെയ്താല്‍ ശരീരത്തില്‍ കൊഴുപ്പ് കൂട്ടുകയാണ് ചെയ്യുക. ഇത്തരത്തില്‍ കൊഴുപ്പ് കൂടുന്നത് തടി കുറയ്ക്കുകയല്ല, മറിച്ച് കൂട്ടുകയാണ് ചെയ്യുക. പാലില്‍ കൊഴുപ്പ് ഉണ്ടായിരിക്കും. ഇതില്‍ ഓട്‌സ് വേവിക്കുമ്പോള്‍ മൊത്തത്തില്‍ കൊഴുപ്പിന്റെ അളവ് കൂടുകയാണ് ചെയ്യുന്നത്.

അതുപോലെ തന്നെ ചിലര്‍ ഒരു കിണ്ണം നിറയെ ഓട്‌സ് വേവിച്ച് കഴിക്കുന്നത് കാണാന്‍ സാധിക്കും. സത്യത്തില്‍ ഇത്തരത്തില്‍ ഓട്‌സ് വേവിച്ച് കഴിക്കുന്നത് ഷുഗര്‍ ലെവല്‍ വര്‍ദ്ധിക്കുന്നതിന് കാരണമാണ്. ഒരു കിണ്ണം ഓട്‌സ് കഞ്ഞി കുടിക്കുന്നതും നമ്മളുടെ സാധാ കഞ്ഞി കുടിക്കുന്നതും തമ്മില്‍ അധികം വ്യത്യാസം ഇല്ല എന്ന കാര്യം എത്ര പേര്‍ക്ക് അറിയാം.

ഓട്‌സ് കഴിക്കേണ്ട ശരിയായ രീതി

ഓട്‌സ് കഴിക്കുന്നതിനും അതിന്റേതായ ശരിയായ രീതികളുണ്ട്. ഓട്‌സ് കഴിക്കാനായി എടുക്കുമ്പോള്‍ പരമാവധി മൂന്നോ നാലോ ടീസ്പൂണ്‍ മാത്രം എടുക്കുക. ഇത്ര തന്നെ നമ്മളുടെ വിശപ്പ് അകറ്റാന്‍ ധാരാളമാണ്. അതുപോലെ, ഓട്‌സ് കഞ്ഞി വെച്ച് കുടിക്കുവാന്‍ താല്‍പര്യപ്പെടുന്നവര്‍ വെള്ളം തിളപ്പിച്ച് അതില്‍ ഓട്‌സ് ഇട്ട് അടച് വെക്കണം. നന്നായി തിളപ്പിച്ച് കുറുക്കി എടുക്കരുത്. ഇത് ശരീരഭാരം കൂട്ടുകയാണ് ചെയ്യുക.

അതുപോലെ, പാല്‍ ഒഴിച്ച് ഓട്‌സ് കഴിക്കാതിരിക്കുക. പാല്‍ എടുക്കുകയാണെങ്കില്‍ തന്നെ ഫാറ്റ് ഫ്രീ മില്‍ക്ക് ഉപയോഗിക്കാന്‍ പരമാവധി ശ്രദ്ധിക്കുക. ഓട്‌സ് ഉപയോഗിച്ച് നിങ്ങള്‍ക്ക് സ്മൂത്തി തയ്യാറാക്കിയും കുടിക്കാവുന്നതാണ്.

Related Articles

Latest Articles