തീവ്ര വ്യാപന ശേഷിയുള്ള കോവിഡ് വകഭേദമായ ഒമൈക്രോൺ സ്ഥിരീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണം കൂടുകയാണ്. ഇന്ത്യയിലും വൈറസ് സാന്നിധ്യം ഇന്നലെ സ്ഥിരീകരിച്ചു. കർണ്ണാടകയിൽ നിന്നുള്ള രണ്ട് സാമ്പിളുകളിലാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്. 66 കാരനായ ദക്ഷിണാഫ്രിക്കൻ സ്വദേശിക്കും 46 കാരനായ ഡോക്ടറിനു മാണ് രോഗം സ്ഥിരീകരിച്ചത്. അവരുമായി സമ്പർക്കമുള്ളവരടക്കം Sകൂടുതൽ പേര് നിരീക്ഷണത്തിലാണ് എന്നറിയുന്നു ഇതിനെ തുടർന്ന് രാജ്യത്ത് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. പുതിയ വകഭേദത്തെ നേരിടാൻ വിമാന യാത്രാവിലക്കുകൾ അടക്കം നിരവധി നിയന്ത്രണങ്ങൾ ഇപ്പോൾ തന്നെ പല രാജ്യങ്ങളിലും നിലവിൽ വന്നുകഴിഞ്ഞു.
ചില രാജ്യങ്ങൾ സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ ലോക്ക് ഡൗണിലേക്ക് നീങ്ങുമോ എന്നത് ഈ സമയത്ത് സാധാരണ ജനങ്ങളെ സംബന്ധിച്ച് ഒരാശങ്കയാണ്. കാരണം കോവിഡ് വ്യാപനത്തിന്റെ ആദ്യ നാളുകളിൽ ഏർപ്പെടുത്തിയ രാജ്യവ്യാപക ലോക്ക്ഡൌൺ കാരണം ഇന്ത്യയിൽ ഏകദേശം 20 കോടിയിലധികം ജനങ്ങൾ തൊഴിലില്ലായ്മയിലേക്കും ദാരിദ്ര്യത്തിലേക്കും വഴുതി വീണിട്ടുണ്ട് പല പഠനങ്ങളും പറയുന്നുണ്ട്. അവർക്ക് സർക്കാർ ക്ഷേമ പദ്ധതികളെ ആശ്രയിക്കേണ്ടി വന്നു. ജിഡിപി, ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക് ചുരുങ്ങി, ഏറ്റവും പ്രധാനം സ്കൂളുകൾ പല സംസ്ഥാനങ്ങളിലും ഇപ്പോഴും തുറന്നിട്ടില്ല. കഴിഞ്ഞ 500 ദിവസങ്ങളായി കുട്ടികളുടെ ക്ലാസ്സ്‌മുറി പഠനം മുടങ്ങിയ അവസ്ഥയിലാണ്.
അതുകൊണ്ടുതന്നെ പ്രതിസന്ധികളെ അതിജീവിച്ച് കുട്ടികൾ സ്കൂളിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന ഒരു സമയമാണിത് കൂടാതെ സമ്പത് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണ്. കഴിഞ്ഞ പാദത്തിൽ നേടിയ ജിഡിപി വളർച്ച വർധിപ്പിക്കേണ്ടതും നിലനിർത്തേണ്ടതും ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് അത്യന്താപേക്ഷിതമാണ്. പ്രതിമാസ GST വരുമാനം ഉയർന്നിട്ടുണ്ട്. റെയിൽവേ ചരക്ക് നീക്കമടക്കമുള്ള മറ്റു സാമ്പത്തിക സൂചികകൾ തൃപ്തികരമാണ്. ഇതൊക്കെ നമുക്ക് നിലനിർത്തേണ്ടതുണ്ട്. ആത്യന്തികമായി ജനങ്ങളുടെ ജീവനോപാധികൾ തടസ്സപ്പെടാത്ത അവസ്ഥയുണ്ടാകണം. അതിനാൽ ഈ സമയത്തൊരു ലോക്ക് ഡൌൺ മണ്ടത്തരമായിരിക്കും എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
സർക്കാരുകൾക്കും അതേ അഭിപ്രായമാണ്. കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോഴും രാജ്യ വ്യാപകമായി ലോക്ക് ഡൌൺ പ്രഖ്യാപിക്കപ്പെട്ടില്ല. പകരം പ്രാദേശികമായ നിയന്ത്രണങ്ങൾ, കണ്ടൈൻമെൻറ് സോണുകളിലും, മൈക്രോ കണ്ടൈൻമെൻറ് സോണുകളിലും നടപ്പാക്കിയ നിയന്ത്രണങ്ങൾ കൊണ്ട് വ്യാപനം നിയന്ത്രിക്കുവാൻ നമുക്ക് സാധിച്ചു. അതുകൂടാതെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മുന്നേറ്റം പ്രത്യേകിച്ചും രണ്ടാം താരംഗത്തിന് ശേഷം രാജ്യത്തുണ്ടായി. വെന്റിലേറ്ററുകളുടെയും ഓക്സിജൻ പ്ലാന്റ്റുകളുടെയും എണ്ണം കൂടിയിട്ടുണ്ട്. പി എം കെയർ ഫണ്ട് ഉപയോഗിച്ച് രാജ്യത്തെ എല്ലാ ജില്ലകളിലും ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. ആശുപത്രി കിടക്കകളുടെ എണ്ണത്തിലും അടിയന്തിര ആശുപത്രി സൗകര്യങ്ങൾ ഒരുക്കുന്നതിലും രാജ്യം ഏറെ മുന്നോട്ടുപോയി.
വാക്‌സിനേഷൻ തന്നെയാണ് ഈ വകഭേദത്തെയും പ്രതിരോധിക്കാനുള്ള മുഖ്യയുധം. വാക്‌സിനേഷൻ വേഗത വർധിപ്പിക്കാൻ സർക്കാറുകൾ ശ്രമം നടത്തും. പകുതിയിലധികം ആളുകൾ രണ്ടു ഡോസ് വാക്‌സിൻ പൂർത്തീകരിക്കാനുണ്ട്. വിമാന സർവ്വീസ് പൂർണ്ണതോതിൽ പുണരാരംഭിക്കാനുള്ള തീരുമാനം മരവിപ്പിച്ചെങ്കിലും ഇതുവരെ യാത്രാ വിളക്കുകൾ ഇന്ത്യ യിൽ പ്രഖ്യാപിച്ചിട്ടില്ല. ഇത്തരം ഘടകങ്ങൾ വിലയിരുത്തുമ്പോൾ ഇന്നത്തെ സാഹചര്യത്തിൽ ലോക്ഡൌൺ ഉണ്ടാകില്ല എന്നു തന്നെ പറയാം പക്ഷെ പ്രാദേശിക നിയന്ത്രണങ്ങൾ ഉണ്ടായേക്കാം.

