പുതിയ കോവിഡ് വകഭേദമായ ഒമൈക്രോൺ, വ്യാപനശേഷി കൂടുതലുള്ളത് തന്നെ. വാക്‌സിനേഷനും കോവിഡ് പ്രോട്ടോക്കോളിന്റെ കർശനമായ പാലനവും മാത്രമാണ് പോംവഴിയെന്നും ഡൽഹി AIIMS ഡയറക്ടർ ഡോ.രൺദീപ് ഗുലേറിയ അഭിപ്രായപ്പെട്ടു. എന്നാൽ ഒമൈക്രോൺ ബാധിതരിൽ ഗുരുതരമായ രോഗ ലക്ഷണങ്ങൾ കണ്ടുവരുന്നില്ല. ആശുപത്രി ചികിത്സ ചെറിയ ശതമാനം രോഗികൾക്കോ ആവശ്യമായി വരുന്നുള്ളു എന്നത് ആശ്വാസകരമാണ്. ഡൽഹി AIIMS ൽ ഓക്സിജൻ സ്റ്റേവാർഡ്‌ഷിപ് പദ്ധതി യുടെ ഉത്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കാര്യക്ഷമമായ ഓക്സിജൻ ഉപയോഗം ഉറപ്പുവരുത്താൻ AIIMS രാജ്യമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ ജില്ലയിലും അത്തരത്തിൽ പരിശീലനം ലഭിച്ച ഒരു ആരോഗ്യ പ്രവർത്തകനെങ്കിലും ഉറപ്പുവരുത്തും. കോവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഓക്സിജൻ ഉപയോഗം വിവേകപൂർണ്ണമാകേണ്ടതുണ്ട്.
രാജ്യത്തിതുവരെ 203 ഒമൈക്രോൺ കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ലോകത്താദ്യമായി കഴിഞ്ഞ നവംബർ 25 നാണ് സൗത്താഫ്രിക്കയിൽ പുതിയ വകഭേദം കണ്ടെത്തിയത്. ഒമൈക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വലിയ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. എല്ലാ സംസ്ഥാന സർക്കാരുകൾക്കും ജാഗ്രതാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്

