Wednesday, May 8, 2024
spot_img

ഒമിക്രോൺ വകഭേദം: ഇനിമുതൽ പ്രതികരിക്കാൻ ഡിഎംഒമാർ മുൻകൂർ അനുമതി വാങ്ങണമെന്നു നിർദേശം നൽകി സംസ്ഥാന ആരോഗ്യവകുപ്പ്

തിരുവനന്തപുരം∙ ഒമിക്രോണ്‍ വകഭേദത്തിന്റെ വിഷയത്തിൽ ഡിഎംഒമാര്‍ മുന്‍കൂര്‍ അനുമതി വാങ്ങി പ്രതികരിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

വിവരങ്ങള്‍ പുറത്തുപറയേണ്ടത് ആരോഗ്യമന്ത്രിയോ ആരോഗ്യ ഡയറക്ടറോ മാത്രമാണ്. കോഴിക്കോട് ഡിഎംഒ ഒമിക്രോണ്‍ സംശയത്തെപ്പറ്റി പറഞ്ഞ സാഹചര്യത്തിലാണ് ഈ നിര്‍ദേശം.

കോഴിക്കോട് ഡിഎംഒ ഡോ. ഉമ്മര്‍ ഫറൂഖിന് കാരണം കാണിക്കല്‍ നോട്ടിസും നല്‍കിയിരുന്നു. അനാവശ്യഭീതി പരത്തിയെന്നും ഇക്കാര്യത്തില്‍‍ വിശദീകരണം നല്‍കണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ ആവശ്യം.

ബ്രിട്ടനില്‍ നിന്നുവന്ന ആരോഗ്യപ്രവര്‍ത്തകന്‍റെയും അമ്മയുടേയും സ്രവ സാംപിളുകള്‍ ജനിതക ശ്രേണി പരിശോധനയ്ക്കായി അയച്ച വിവരം കഴിഞ്ഞ ദിവസമാണ് ഡിഎംഒ വിശദീകരിച്ചത്.

അതേസമയം ഡിഎംഒമാര്‍ ഇനി മുതല്‍ പ്രതികരിക്കും മുന്‍പ് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. അതിനിടെ ജര്‍മ്മനിയില്‍നിന്ന് കരിപ്പൂരില്‍ എത്തിയ തമിഴ്നാട് സ്വദേശിനിക്കും കോവിഡ് സ്ഥിരീകരിച്ചു.

മ‍ഞ്ചേരി മെഡിക്കല്‍ കോളജിലേക്കു മാറ്റിയ ഇവരുടെ സ്രവസാംപിള്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കു ജനിതക ശ്രേണി പരിശോധനയ്ക്ക് അയച്ചു. മൂന്നു പേരുടേയും പരിശോധനാഫലം ഉടന്‍ പുറത്തുവരും.

Related Articles

Latest Articles