Friday, October 2, 2026

ഓണത്തിന് മുമ്പ് കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം വേണം; ആനുകൂല്യങ്ങളും ഡിഎ കുടിശികയും ഉടൻ നൽകണമെന്ന് എംപ്ലോയീസ് സംഘ്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിനു മുന്നോടിയായി ബോണസ് ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും കുടിശികയായ ഡിഎയും (ഡിയർനെസ് അലവൻസ്) അടിയന്തരമായി അനുവദിക്കണമെന്ന് കെഎസ്ആർടിസി എംപ്ലോയീസ് സംഘ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച ആവശ്യം ഉന്നയിച്ച് സംഘടന കെഎസ്ആർടിസി സിഎംഡിക്ക് കത്ത് നൽകി.

ജീവനക്കാരുടെ ഓണാഘോഷങ്ങൾ പ്രതിസന്ധിയിലാകാതിരിക്കാനായി ബോണസ്, ഫെസ്റ്റിവൽ അലവൻസ്, ഫെസ്റ്റിവൽ അഡ്വാൻസ് എന്നിവ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അനുവദിക്കുന്ന അതേ നിരക്കിൽ കെഎസ്ആർടിസി ജീവനക്കാർക്കും വിതരണം ചെയ്യണമെന്ന് സംഘടന ആവശ്യപ്പെട്ടു.

സർക്കാർ ജീവനക്കാർക്ക് ഡിയർനെസ് അലവൻസ് അനുവദിച്ചിട്ടും കെഎസ്ആർടിസി ജീവനക്കാർക്ക് ലഭിക്കാതെ പോയ 30 ശതമാനം ഡിഎ ഇന്നും കുടിശികയായി തുടരുകയാണെന്ന് എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി എസ്. അജയകുമാർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ഓണാനുകൂല്യങ്ങൾക്കൊപ്പം കുടിശികയായ ഡിഎയും അനുവദിക്കാൻ കെഎസ്ആർടിസി മാനേജ്മെന്റും സർക്കാരും തയ്യാറാകണമെന്ന് സംഘടന പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Related Articles

Latest Articles