Wednesday, May 29, 2024
spot_img

ഡഫ് ഒളിമ്പിക്‌സ് സ്വര്‍ണനേട്ടക്കാര്‍ക്ക് ഒരു ലക്ഷം രൂപ വീതം പാരിതോഷികം

തിരുവനന്തപുരം: തയ്‌വാനില്‍ നടന്ന ഏഷ്യ-പസഫിക് ഡഫ് ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ ശ്രീജിഷ്ണ, ജിജോ കുര്യാക്കോസ് എന്നീ മലയാളിതാരങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം പാരിതോഷികം നല്‍കും. കേള്‍വിശക്തിയില്ലാത്ത ഈ താരങ്ങള്‍ക്ക് കായികവകുപ്പിന്റെ കായിക വികസനനിധിയില്‍ നിന്നാണ് തുക അനുവദിച്ചത്.

തൃശൂര്‍ പെരുവല്ലൂര്‍ സ്വദേശിയാണ് ശ്രീജിഷ്ണ. ഹൈജമ്പിലാണ് ഈ മിടുക്കിയുടെ മെഡല്‍ നേട്ടം. ലോങ്ങ്ജമ്പിലും മികവുണ്ട്. തിരുവനന്തപുരം സായിയില്‍ താമസിച്ചാണ് പരിശീലനം. സായിയിലെ നിഷാദ് കുമാറാണ് പരിശീലകന്‍. തിരുവനന്തപുരം ആക്കുളത്തെ നിഷില്‍ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ്. ശ്രീജിഷ്ണയുടെ കേള്‍വിശക്തിയില്ലാത്ത ഇളയ സഹോദരനും ലോങ്ങ്ജമ്പ് താരമാണ്.

ഇടുക്കി ഏലപ്പാറ സ്വദേശിയാണ് ജിജോ കുര്യാക്കോസ്. 800 മീറ്ററിലാണ് ഈ 29 കാരന്റെ സ്വര്‍ണനേട്ടം. ദരിദ്രമായ ചുറ്റുപാടില്‍നിന്നു വരുന്ന ജിജോ സ്വയം പരിശീലിച്ചാണ് മികവിലേക്ക് ഉയര്‍ന്നത്. ഇപ്പോള്‍ തിരുവനന്തപുരം കളക്ടറേറ്റില്‍ റവന്യൂ വിഭാഗം എല്‍ഡി ക്ലര്‍ക്കാണ്.

Related Articles

Latest Articles