Monday, October 26, 2026

2029-ല്‍ തന്നെ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’; 22 സംസ്ഥാനങ്ങളില്‍ ഒരേസമയം വോട്ടെടുപ്പ് നടത്താന്‍ നീക്കം സജീവമാക്കി ബിജെപി

ദില്ലി : 2034-ഓടെ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്ന ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം അതിവേഗം യാഥാർത്ഥ്യമാക്കാനുള്ള നീക്കങ്ങളുമായി ബിജെപി. വരുന്ന 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം എന്‍.ഡി.എ സ്വാധീനമുള്ള 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിനുള്ള സാധ്യതകളാണ് പ്രധാന രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുവേണ്ടിയുള്ള നിയമനിർമാണത്തിന് കേന്ദ്ര സർക്കാർ നേരത്തെ ആലോചന നടത്തിയിരുന്നെങ്കിലും കാലതാമസം ഉണ്ടായേക്കും എന്ന സൂചനകൾക്കിടയിലാണ് ഇത്തരത്തിൽ ഒരു ചർച്ച എൻഡിഎയിൽ നടക്കുന്നതെന്നാണ് വിവരം.

ബിജെപി അധികാരത്തിലുള്ള ചില സംസ്ഥാനങ്ങളിൽ 2029ന് മുമ്പ് തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തും. അവിടെ വീണ്ടും അധികാരത്തിൽ വരികയാണെങ്കിൽ നിയമസഭ പിരിച്ചുവിട്ട് 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സാധ്യതകളാണ് എൻഡിഎയിൽ ചർച്ചയാകുന്നത്. 2029ന് ശേഷം കാലാവധി കഴിയുന്ന സംസ്ഥാനങ്ങളിൽ നിയമസഭ പിരിച്ചുവിട്ട് 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതകളും ആലോചിക്കുന്നതായാണ് വിവരം. നിലവിൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയം ജെപിസിയും രാം നാഥ് കോവിന്ദിന്റെ അധ്യക്ഷതയിലുള്ള സമിതിയും പരിശോധിക്കുന്നുണ്ട്

ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മേഘാലയ, നാഗാലാൻഡ്, രാജസ്ഥാൻ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ 2028ലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ചർച്ചകളും നടക്കുന്നുണ്ട്. ഇവിടെ അധികാരത്തിലെത്തിയാൽ നിയമസഭ പിരിച്ചുവിട്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനാണ് എൻഡിഎക്കുള്ളിൽ നടക്കുന്ന ചർച്ച.

Related Articles

Latest Articles