ദില്ലി: രാജ്യത്ത് ഇതിനോടകം ചർച്ചയായ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച് കേന്ദ്രസർക്കാർ. നിയമ മന്ത്രി അർജുൻ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത് . ബില്ല് അവതരിപ്പിച്ചതിന് പിന്നാലെ തന്നെ സമാജ് വാദി പാർട്ടിയും കോൺഗ്രസും സഭയിൽ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് ബില്ല് അവതരണത്തിൽ വോട്ടിംഗ് രേഖപ്പെടുത്താൻ സ്പീക്കർ വ്യക്തമാക്കി. ബില്ലിനെതിരെ പ്രതിഷേധിക്കാൻ അവകാശമുണ്ട്. എന്നാൽ സഭയിൽ മര്യാദ പാലിക്കണമെന്ന് സ്പീക്കർ പ്രതിപക്ഷ അംഗങ്ങളോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ കൂടുതൽ കാര്യക്ഷമമായ മാർഗം വേണമെന്നും സ്പീക്കർ പറഞ്ഞു.
വോട്ടിംഗിൽ 369 പേർ വോട്ട് രേഖപ്പെടുത്തി . അതിൽ 220 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. 149 പേർ മാത്രമാണ് ബില്ലിനെ എതിർത്തത്. ഭൂരിപക്ഷ പിന്തുണയിൽ ബില്ല് അവതരിപ്പിച്ചു. അങ്ങനെ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് (ജെപിസി) അയക്കാൻ സർക്കാർ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയിൽ പറഞ്ഞു. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നിർദ്ദേശിച്ചതാണെന്ന് പറഞ്ഞു.

