തിരുവനന്തപുരം : സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ മാധ്യമങ്ങളിലെ ‘നൂറു ശതമാനം ലാഭം’, ‘ഉറപ്പുള്ള വരുമാനം’, ‘പ്രീമിയം ഐപിഒ അലോട്ട്മെന്റ്’ തുടങ്ങിയ ആകർഷകമായ വ്യാജ വാഗ്ദാനങ്ങളടങ്ങിയ പരസ്യങ്ങൾ നൽകിയാണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്. ഇത്തരം പരസ്യങ്ങളിലെ ലിങ്കുകൾ വഴി വാട്സ്ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് ആളുകളെ ക്ഷണിക്കുകയും ‘ഇൻവെസ്റ്റ്മെന്റ് മെന്റർ’, ‘ഫിനാൻഷ്യൽ അനലിസ്റ്റ്’ എന്ന വ്യാജേന ദിവസേന ട്രേഡിംഗ് ക്ലാസുകളും ടിപ്പുകളും നൽകി വിശ്വാസ്യത നേടിയെടുക്കുകയുമാണ് ഇവരുടെ രീതി.
തുടക്കത്തിൽ ഉദ്യോഗാർത്ഥികളുടെ സ്വന്തം ഡീമാറ്റ് അക്കൗണ്ട് വഴി ചെറിയ ലാഭം ഉണ്ടാക്കിക്കൊടുത്ത് വലിയ തുക നിക്ഷേപിക്കാൻ ഇവരെ പ്രേരിപ്പിക്കുന്നു. തുടർന്ന്, കുറഞ്ഞ വിലയിൽ സ്റ്റോക്കുകളും ഐപിഒകളും വാഗ്ദാനം ചെയ്ത് പ്രമുഖ സ്ഥാപനങ്ങളുടെ പേരിലുള്ള വ്യാജ ട്രേഡിംഗ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യിക്കുകയാണ് ചെയ്യുന്നത്. ‘ഇൻസ്റ്റിറ്റ്യൂഷണൽ അക്കൗണ്ട്’ അല്ലെങ്കിൽ ‘വിഐപി ട്രേഡിങ്ങ് അക്കൗണ്ട്’ എന്ന പേരിൽ യുപിഐ, ഐഎംപിഎസ്, ആർടിജിഎസ്, എൻഇഎഫ്‌ടി തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ തട്ടിപ്പുകാരുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കാൻ ഇരകളോട് ആവശ്യപ്പെടുന്നു. ആപ്പിൽ നിക്ഷേപിച്ച തുകയും വ്യാജമായി ഉണ്ടാക്കിയ ലാഭവും കാണിക്കുന്നതിനാൽ പലർക്കും സംശയം തോന്നാറില്ല.
എന്നാൽ, നിക്ഷേപകർ പണം തിരികെ പിൻവലിക്കാൻ ശ്രമിക്കുമ്പോൾ ആദായനികുതി, സർവീസ് ചാർജ്, വിഡ്രോവൽ ഫീ തുടങ്ങിയ പേരുകളിൽ വീണ്ടും തുക ആവശ്യപ്പെടുകയും ഒടുവിൽ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് തട്ടിപ്പ് നടത്തുകയുമാണ് ചെയ്യുന്നത്. അതിനാൽ സോഷ്യൽ മീഡിയയിലെ വാഗ്ദാനങ്ങളോ മെസ്സേജിംഗ് ഗ്രൂപ്പുകളിലെ നിർദ്ദേശങ്ങളോ വിശ്വസിച്ച് പണം നിക്ഷേപിക്കരുതെന്നും, സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപങ്ങൾ സെബി (SEBI) അംഗീകൃത ബ്രോക്കർമാർ വഴിയും ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴിയും മാത്രം നടത്തണമെന്നും അധികൃതർ വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻതന്നെ 1930 എന്ന ഹെൽപ് ലൈൻ നമ്പറിലോ ദേശീയ സൈബർ ക്രൈം പോർട്ടൽ വഴിയോ പരാതി രജിസ്റ്റർ ചെയ്യേണ്ടതാണ്.

