തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഓണ പരീക്ഷാ തീയതികളും ഓണാവധിയും സർക്കാർ പ്രഖ്യാപിച്ചു. ഇത്തവണ ഓഗസ്റ്റ് 22 മുതൽ 30 വരെയാണ് വിദ്യാലയങ്ങൾക്ക് ഓണാവധി അനുവദിച്ചിരിക്കുന്നത്. പതിവിൽ നിന്ന് വ്യത്യസ്തമായി പത്ത് ദിവസത്തിന് പകരം ഒൻപത് ദിവസമാണ് ഇക്കുറി അവധി ലഭിക്കുക. അവധിക്ക് ശേഷം ഓഗസ്റ്റ് 31-ന് ക്ളാസുകൾ പുനരാരംഭിക്കും.
എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13-ന് ആരംഭിക്കും. എന്നാൽ ഹയർസെക്കൻഡറി വിഭാഗത്തിലെ പരീക്ഷകൾ ഓഗസ്റ്റ് 14-നാണ് തുടങ്ങുക. സ്കൂളുകളിലെ പരീക്ഷകളെല്ലാം ഓഗസ്റ്റ് 20-ഓടെ അവസാനിക്കും. തുടർന്ന് ഓഗസ്റ്റ് 21-ന് സ്കൂളുകൾ സാധാരണ പോലെ പ്രവർത്തിച്ച ശേഷമായിരിക്കും ഓണാവധിക്കായി അടയ്ക്കുക.

