Friday, May 17, 2024
spot_img

പുതുവത്സരം പിറക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി !രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം സുരക്ഷ ശക്തം ! ട്രാഫിക് നിയമ ലംഘനങ്ങൾ ഒഴിവാക്കാൻ രാജ്യതലസ്ഥാനത്ത് നിലയുറപ്പിക്കുക 1000 ഉദ്യോഗസ്ഥർ ! ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ മുംബൈ നഗരം അതീവ ജാഗ്രതയിൽ

മുംബൈ: പുതുവത്സരം പിറക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി. അനിഷ്ട സംഭവങ്ങളും ട്രാഫിക്ക് പ്രശ്‌നങ്ങളും പൂർണ്ണമായി ഒഴിവാക്കി ആഘോഷങ്ങൾ സുഗമമായി നടത്തുന്നതിനും ജനങ്ങൾക്ക് അവയിൽ സുരക്ഷാ ആശങ്കകളില്ലാതെ പങ്കെടുക്കാനും വേണ്ടിയാണ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നത്. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് കനത്ത മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്. മെട്രോ നഗരങ്ങളായ ദില്ലി, മുംബൈ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലാണ് പ്രാധാനമായും സുരക്ഷ ഒരുക്കുന്നത്.

ട്രാഫിക് നിയമങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനായി 1000 പോലീസ് ഉദ്യോഗസ്ഥരെയാണ് രാജ്യതലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. രണ്ടു ഷിഫ്റ്റുകളായാണ് ഇവര്‍ പ്രവര്‍ത്തിക്കുകയെന്നും ആദ്യ ഷിഫ്റ്റ് വൈകുന്നേരം അഞ്ചുമുതല്‍ രാത്രി 12 വരെയും മറ്റൊരു ഷിഫ്റ്റ് രാത്രി 12 മുതല്‍ തിങ്കളാഴ്ച രാവിലെ ആറു വരെയാണെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ജോയ് തിര്‍ക്കി പറഞ്ഞു. ഇതുകൂടാതെ 2500 ഉദ്യോഗസ്ഥരെ 250 ടീമുകളായും ഡല്‍ഹി പോലീസ് വിന്യസിച്ചിട്ടുണ്ട്. 31ന് രാത്രി എട്ടുമണി മുതല്‍ നിയന്ത്രണങ്ങള്‍ തുടങ്ങും.

ബെംഗുളൂരുവില്‍ വലിയ ജനത്തിരക്ക് പ്രതീക്ഷിക്കുന്ന എംജി റോഡ്, റെസിഡന്‍സി റോഡ്, ബ്രിഗേഡ് റോഡ്, ചര്‍ച്ച് സ്ട്രീറ്റ് എന്നിവിടങ്ങളില്‍ രാത്രി എട്ടുമണി മുതല്‍ ജനുവരി 1 വരെ വാഹനങ്ങള്‍ നിരോധിച്ചിട്ടുണ്ട്. ഇതോടൊപ്പം ഹോട്ടല്‍, ക്ലബ്, പബ്ബ് എന്നിവിടങ്ങളിലെ പാര്‍ട്ടികള്‍ രാത്രി ഒരു മണിക്ക് അവസാനിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. പാര്‍ട്ടികളില്‍ എത്തുന്നവരുടെ തിരിച്ചറിയല്‍ രേഖ ഉള്‍പ്പെടെയുള്ള രേഖകള്‍ സൂക്ഷിക്കണം.

അതേസമയം മുന്നോടിയായി അജ്ഞാതന്റെ ബോംബ് ഭീഷണിയെത്തുടര്‍ന്ന് അതീവ ജാഗ്രതയിലാണ് മുംബൈ പോലീസ്. ബോംബ് ഭീഷണിയെത്തുടർന്ന് നിരവധി സ്ഥലങ്ങളില്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ രീതിയില്‍ ഒന്നും കണ്ടെത്താനായില്ല.

ചെന്നൈയില്‍ ഇന്ന് വൈകുന്നേരം മുതൽ നാളെ വരെ കടലില്‍ ഇറങ്ങരുതെന്ന് സിറ്റി പോലീസിന്റെ നിര്‍ദേശമുണ്ട്. കരിമരുന്നു പ്രയോഗത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 18,000 ഉദ്യോഗസ്ഥരെയാണ് ചെന്നൈയില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. വാഹന പരിശോധനയ്ക്കായി 420 പോലീസ് സംഘങ്ങളെയും വിന്യസിക്കും. ഓരോ സംഘത്തിലും അഞ്ച് മുതൽ പത്ത് പോലീസുകാരുണ്ടാകും.

ഹൈദരാബാദിലെ പബ്ബുകളിലും പാര്‍ട്ടികളിലും പോലീസ് അപ്രതീക്ഷിത പരിശോധന നടത്തുന്നുണ്ട്. ലഹരി ഉപയോഗം കണ്ടെത്താനായി പ്രത്യേത ഡ്രഗ് കിറ്റും ഉപയോഗിക്കും. ലഹരിമരുന്ന് ഉപയോഗിക്കുകയോ വില്‍പ്പന നടത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും തെലങ്കാന പോലീസ് വൃത്തങ്ങൾ അറിയിച്ചു .

ഇന്നലെ മഹാരാഷ്ട്രയില്‍ പാര്‍ട്ടി നടന്ന സ്ഥലത്ത് പോലീസ് നടത്തിയ റെയ്ഡില്‍ നിരോധിത ലഹരിമരുന്നുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് എണ്‍പതോളം പേരെ അറസ്റ്റ്‌ചെയ്തിരുന്നു.

Related Articles

Latest Articles