ദില്ലി: ‘ഓപ്പറേഷൻ അജയ്‘യുടെ ഭാഗമായി ഇസ്രായേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള നാലാം വിമാനം ഇന്ന് ദില്ലിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. അമൃത്സറിൽ നിന്നും പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനമാണ് മടങ്ങി എത്തുന്നത്. 274 യാത്രക്കാരുമായി നാലാം വിമാനം പുറപ്പെട്ടതായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി 1.30 ന് ഇന്ത്യക്കാരുമായുള്ള മൂന്നാമത്തെ വിമാനം എത്തിയിരുന്നു.
അതേസമയം, ഗാസയിൽ ഹമാസിനെതിരെ ആക്രമണം കൂടുതൽ ശക്തമാക്കാനൊരുങ്ങിയിരിക്കുകയാണ് ഇസ്രായേൽ. കര-വ്യോമ-നാവിക ആക്രമണത്തിന് തയ്യാറെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ഏതു നിമിഷവും ആക്രമണം തുടങ്ങാൻ ലക്ഷ്യമിട്ടാണ് ത്രിതല ആക്രമണം പ്രഖ്യാപിച്ചത്. വടക്കൻ ഗാസയിലെ ജനങ്ങൾ ഒഴിയണമെന്ന് ആവർത്തിച്ചു മുന്നറിയിപ്പ് നൽകി.
സുരക്ഷയ്‌ക്കായി ഗാസ അതിർത്തിയിൽ സംരക്ഷിത മേഖല തീർക്കുമെന്ന് ഇസ്രായേൽ വ്യക്തമാക്കി. പ്രദേശത്ത് പ്രവേശന വിലക്ക് ഏർപ്പെടുത്തും. ഇസ്രായേൽ മന്ത്രി ഗീഡിയോൺ സാർ ആണ് ഇക്കാര്യം അറിയിച്ചത്. സൈനിക നടപടി പൂർത്തിയാകുന്നതോടെ ഗാസയുടെ വിസ്തൃതി കുറയുമെന്നും ഇസ്രായേൽ മന്ത്രി ഗീഡിയോൺ പറഞ്ഞു.

