ഇടുക്കി: ഭൂട്ടാനിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് വാഹനങ്ങള്‍ കടത്തിയതുമായി ബന്ധപ്പെട്ട് നടത്തുന്ന ഓപ്പറേഷൻ നുംഖോറിന്‍റെ ഭാഗമായി ഇടുക്കിയിലും പരിശോധന. സോഷ്യൽ മീഡിയ ഇന്‍ഫ്ലുവൻസറുടെ കാര്‍ കസ്റ്റംസ് പിടിച്ചെടുത്തു. തിരുവനന്തപുരം സ്വദേശിനി ചിപ്പു എന്ന് അറിയപ്പെടുന്ന ശിൽപ്പ സുരേന്ദ്രന്‍റെ ലാൻഡ് ക്രൂയിസർ കാറാണ് പിടിച്ചെടുത്തത്. മലപ്പുറം സ്വദേശിയിൽ നിന്നാണ് ഇവർ ഈ വാഹനം വാങ്ങിയത്.അറ്റകുറ്റ പണിക്കായി അടിമാലിയിൽ എത്തിക്കുകയായിരുന്നു. കേരളത്തിൽ ഇരുന്നൂറോളം വാഹനങ്ങള്‍ ഭൂട്ടാനിൽ നിന്ന് കള്ളക്കടത്തിലൂടെ എത്തിച്ചുവെന്നാണ് വിവരം. നിലവിൽ 36 കാറുകള്‍ മാത്രമാണ് കണ്ടെത്താനായത്. ബാക്കിയുള്ളവയ്ക്കായുള്ള അന്വേഷണം തുടരുകയാണ്.
അതേസമയം സംഭവത്തിൽ കസ്റ്റംസിന് പുറമെ മറ്റ് കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി വിവരങ്ങള്‍ തേടി. അനധികൃതമായി സമ്പാദിച്ച പണം വെളുപ്പിക്കാന്‍ പല പ്രമുഖരും വാഹനങ്ങള്‍ വാങ്ങിക്കൂട്ടിയെന്നാണ് സംശയം.കസ്റ്റംസില്‍ നിന്ന് ഇഡി വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. ജിഎസ്ടി വെട്ടിപ്പില്‍ കേന്ദ്ര ജി.എസ്.ടി വകുപ്പും അന്വേഷണം തുടങ്ങി. വാഹന രജിസ്ട്രേഷന് എംബസികളുടെയും മറ്റും വ്യാജരേഖകള്‍ ചമച്ചതില്‍ വിദേശകാര്യമന്താലയത്തിനും വിവരങ്ങള്‍ കൈമാറാനുള്ള നീക്കത്തിലാണ് കസ്റ്റംസ്.
നിയമനടപടികള്‍ പൂര്‍ത്തിയാവുന്നത് വരെ വാഹനങ്ങള്‍ ഉടമകളുടെ തന്നെ സേഫ് കസ്റ്റഡിയിലേക്ക് മാറ്റാനാണ് കംസ്റ്റസിന്‍റെ നീക്കം. കംസ്റ്റംസ് കണ്ടുകെട്ടിയ വാഹനങ്ങള്‍ പുറത്തെവിടെയും ഉപയോഗിക്കാതെ ഉടമകള്‍ വീട്ടില്‍ തന്നെ സൂക്ഷിക്കണം. നിരപരാധിത്വം തെളിയിച്ചാല്‍ വാഹനം വിട്ടുനല്‍കും. ഇല്ലാത്തപക്ഷം കംസ്റ്റംസ് സ്ഥിരമായി കണ്ടുകെട്ടും.

