കൊച്ചി: കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച 14 പേര്‍ അറസ്റ്റില്‍. ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ പോലീസ് നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിടിയിലായവരിലധികവും ഐ.ടി രംഗത്തുള്ളവരാണെന്ന് പോലീസ് വ്യക്തമാക്കി.
ഇതുവരെ 39 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈമാറുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെയാണ് നടപടി. ഞായറാഴ്ച ഉച്ച മുതല്‍ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലായാണ് റെയ്ഡുകള്‍ നടത്തിയത്.
ഇന്റര്‍പോളിന്റെ സഹായത്തോടെ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുളള സംഘമാണ് റെയ്ഡ് നടത്തിയത്. 48 കേന്ദ്രങ്ങളിലായി റെയ്ഡ് പുരോഗമിച്ചു. അഞ്ചിനും 16 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ ചിത്രങ്ങളാണ് പ്രതികള്‍ പങ്കുവയ്ക്കുന്നതെന്ന് പോലീസ് പറഞ്ഞു.
പിടിയിലായവരെ ചോദ്യം ചെയ്ത് വരികയാണ്. സംസ്ഥാനത്ത് ഇത് 11ാം തവണയാണ് ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി പരിശോധനകള്‍ നടത്തുന്നത്. ഇതുവരെ 300 പേരെയാണ് റെയ്ഡുകളില്‍ പിടികൂടിയത്. 1296 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

