Monday, June 3, 2024
spot_img

ശബരിമല യുവതീ പ്രവേശനം: ഹര്‍ജികളില്‍ സുപ്രീം കോടതി വിധി നാളെ

ദില്ലി: ശബരിമലക്ഷേത്രത്തില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട 56 പുനപരിശോധന ഹര്‍ജികളില്‍ നാളെ സുപ്രീംകോടതി വിധി പറയും.

ശബരിമല യുവതി പ്രവേശന വിധി വന്ന് ഒരു വര്‍ഷത്തിലേറെ കഴിഞ്ഞാണ് പുനപരിശോധനാ ഹര്‍ജികളില്‍ വിധി വരുന്നത്. വിധിക്കെതിരെയുള്ള 56 പുനഃപരിശോധന ഹര്‍ജികളിലും നിരവധി കോടതി അലക്ഷ്യ ഹര്‍ജികളിലും സുപ്രീംകോടതി തീരുമാനം പറയും.

ജസ്റ്റിസ് ദീപക് മിശ്രക്ക് പകരം ഭരണഘടന ബെഞ്ചില്‍ എത്തിയ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നിലപാടാകും ഇനി സുപ്രീംകോടതി തീരുമാനത്തില്‍ നിര്‍ണായകമാവുക. നവംബര്‍ 17- വിരമിക്കുന്ന ഗൊഗോയിക്ക് ഇനി നാളെയും മറ്റന്നാളും കൂടി മാത്രമേ പ്രവൃത്തിദിനങ്ങളായി ബാക്കിയുള്ളൂ. മണ്ഡലകാല പൂജകള്‍ക്കായി ശബരിമല ശനിയാഴ്ച തുറക്കാനിരിക്കേയാണ് സുപ്രീംകോടതി വിധി വരുന്നതെന്നതും ശ്രദ്ധേയമാണ്.

പുനഃപരിശോധ ഹര്‍ജികള്‍ തള്ളിയാല്‍ വിധി നടപ്പാക്കുക എന്ന വലിയ വെല്ലുവിളിയാകും വീണ്ടും സര്‍ക്കാരിന്. ഹര്‍ജികള്‍ അംഗീകരിച്ചാല്‍ പഴയ നിലപാട് തന്നെയാകുമോ സര്‍ക്കാരിന് എന്നതും ചോദ്യമാണ്. ഒരുകാര്യം ഉറപ്പാണ് വിധി എന്തായാലും ശബരിമലയെ ചൊല്ലിയുള്ള വിവാദങ്ങള്‍ തുടരും.

Related Articles

Latest Articles