Monday, April 29, 2024
spot_img

കോൺഗ്രസിൽ ഭിന്നത ?; ചക്രസ്തംഭന സമരത്തിൽ പങ്കെടുക്കാതെ വി ഡി സതീശൻ; എല്ലാവരുമൊന്നും പങ്കെടുക്കേണ്ടെന്ന്‌ സുധാകരൻ

തിരുവനന്തപുരം: ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് സംഘടിപ്പിച്ച ചക്രസ്തംഭന സമരത്തില്‍ നിന്നൊഴിഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. റോഡ്‌ ഉപരോധത്തോടുള്ള എതിർപ്പ്‌ സതീശൻ നേരത്തെ പരസ്യമാക്കിയിരുന്നു. നിയമസഭ ഉള്ളതിനാലാണ്‌ പങ്കെടുക്കാതിരുന്നത്‌ എന്നാണ്‌ വിശദീകരണം. എന്നാൽ നിയമസഭക്കടുത്ത്‌ പാളയത്തും കോൺഗ്രസിന്റെ സമരം ഉണ്ടായിരുന്നു.

മുല്ലപ്പെരിയാര്‍ പോലെ ഗൗരവമുള്ള വിഷയമാണ് സഭയില്‍ ചര്‍ച്ച ചെയ്യുന്നത്. ഇവിടെ താന്‍ തന്നെ വേണ്ടേ എന്നും സമരത്തിന് കെ.പി.സി.സി അധ്യക്ഷന്‍ ഉണ്ടല്ലോ എന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ മറുപടി. സമരത്തിന് പിന്തുണയുണ്ടോ എന്ന ചോദ്യത്തിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മറുപടി പറഞ്ഞില്ല.

അതേസമയം കോൺഗ്രസിൽ ഭിന്നത ഉണ്ടെന്ന് വ്യക്തമാക്കിയായിരുന്നു കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ പ്രതികരണം. കോൺഗ്രസിൽ പ്രശ്നരഹിതമായ കാലം ഇല്ല. ഇതൊന്നും ഒരു പ്രശ്നമല്ല. കടലിലെ തിരമാല പോലെയാണ് കോൺഗ്രസിലെ പ്രശ്നങ്ങൾ. അത്തരം തിരമാലകൾ നാടിനെ ആക്രമിക്കില്ലെന്നും കെ. സുധാകരൻ വ്യക്തമാക്കി.

Related Articles

Latest Articles