Sunday, May 19, 2024
spot_img

ദേശാഭിമാനിയിലെ ഓഫിസില്‍ നിന്ന് എണ്ണിത്തിട്ടപ്പെടുത്തിയ പണം കൊണ്ട് പോയത് എവിടേക്ക്? ആരില്‍ നിന്നാണ് ഈ പണം കിട്ടിയത്? ജി ശക്തിധരന്റെ വെളിപ്പെടുത്തൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ; കേസ് ഫയൽ ചെയ്ത് അന്വേഷിക്കാൻ ധൈര്യമുണ്ടോയെന്ന് വെല്ലുവിളിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ

തിരുവനന്തപുരം: ദേശാഭിമാനിയുടെ മുന്‍ പത്രാധിപ സമിതി അംഗമായ ജി ശക്തിധരന്റെ വെളിപ്പെടുത്തലിൽ ശക്തമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ശക്തിധരന്റെ ആരോപണം മുഖ്യമന്ത്രിക്കെതിരെയാണെന്നും എഫ്ഐആർ ഫയൽ ചെയ്ത് കേസന്വേഷിക്കാൻ ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കൊച്ചി കലൂരിലെ ദേശാഭിമാനിയിലെ ഓഫിസില്‍ നിന്ന് എണ്ണിത്തിട്ടപ്പെടുത്തിയ പണം എവിടേക്കാണ് കൊണ്ടുപോയത്?. ആരില്‍ നിന്നാണ് ഈ പണം കിട്ടിയത്?. ഇതിനെ കുറിച്ച് അന്വേഷണം നടത്തേണ്ടേയെന്നും സതീശന്‍ ചോദിച്ചു. അന്ന് കാറിലുണ്ടായിരുന്നയാള്‍ ഇന്ന് പിണറായി മന്ത്രിസഭയിലുണ്ടെന്നും സതീശന്‍ പറഞ്ഞു.

എന്തിന്റെ അടിസ്ഥാനത്തിലാണ് മോന്‍സന്റെ വിഷയത്തില്‍ കെ സുധാകരനെതിരെ കേസ് എടുത്തത്?. മോന്‍സന്റെ പഴയ ഡ്രൈവര്‍ ഈ പത്ത് ലക്ഷം എണ്ണിക്കൊടുക്കുന്നത് കണ്ടു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണെങ്കില്‍, പിണറായിയുടെ സഹപ്രവര്‍ത്തകനായിരുന്ന ഒരാള്‍ ഇതുപോലെയുള്ള വെളിപ്പെടുത്തല്‍ നടത്തുമ്പോള്‍ അതില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? സതീശന്‍ ചോദിച്ചു. രണ്ട് കോടി 35 ലക്ഷം രൂപ എണ്ണിക്കൊണ്ടുപോകുന്നത് കണ്ടുവെന്നാണ് മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തല്‍. ഉയരുന്ന ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറയാൻ ബാധ്യസ്ഥനാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles