കേരളാ സ്റ്റോറിയ്‌ക്ക് ശേഷം വിപുൽ അമൃത്ലാൽ ഷായും സുദീപ്‌തോ സെന്നും വീണ്ടും ഒന്നിക്കുന്നു. കമ്യൂണിസ്റ്റ് ഭീകരവാദത്തിന്റെ ഇരുണ്ട മുഖമാണ് പുതിയ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രം അടുത്ത വർഷം പ്രദർനത്തിന് എത്തുമെന്നാണ് പുറത്തുവരുന്ന വിവരം. ഛത്തീസ്ഗഡിലെ ഒരു ആദിവാസി മേഖലയാണ് ബസ്തർ. ബസ്തറിലെ നക്‌സലിസം പ്രമേയമാക്കി എത്തുന്ന ചിത്രത്തിന് ഇതിനോടകം തന്നെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്ററിലൂടെയാണ് തങ്ങളുടെ രണ്ടാമത്തെ ചിത്രത്തെ കുറിച്ച് അമൃത്ലാൽ ഷായും സുദീപ്‌തോ സെന്നും അറിയിച്ചിരിക്കുന്നത്. കമ്യൂണിസ്റ്റ് ഭീകരവാദത്തിന്റെ ഇരുണ്ട മുഖമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കാലങ്ങളായി ഈ മേഖലയിൽ നക്സലിസം ശക്തമാണ്. ദി കേരളാ സ്റ്റോറി പോലെ തന്നെ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.
ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. അതേസമയം, കമ്യൂണിസ്റ്റ് ഭീകരവാദത്തെയും അതിന്റെ തിക്ത ഫലങ്ങളെയും തുറന്നുകാട്ടുന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമപ്രേമികൾ. സിനിമ ആസ്വാദകരെ പോലെ തന്നെ ചരിത്രകാരന്മാരും ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ്. എന്ത് തന്നെയാണെങ്കിലും വിപുൽ അമൃത്ലാൽ ഷായുടെ ചിത്രം വെറും ഒരു സിനിമയാകില്ലെന്നും പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്നതും കണ്ണ് തുറപ്പിക്കുന്നതുമാണെന്നത് ഉറപ്പാണ്. മറഞ്ഞിരിക്കുന്ന ചില സത്യം എന്നെഴുതിയ ടൈറ്റിൽ അനൗൺസ്മെന്റ് പോസ്റ്ററും ഇത് ഉറപ്പിക്കുന്നുണ്ട്. സൺഷൈൻ പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡും ലാസ്റ്റ് മങ്ക് മീഡിയയും ചേർന്നാണ് ബസ്തർ നിർമ്മിക്കുന്നത്. ചിത്രം 2024 ഏപ്രിൽ 5-ന് റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
അതേസമയം, ആഗോള തീവ്രവാദത്തിലേയ്ക്ക് രാജ്യത്ത് നിന്നും റിക്രൂട്ട് ചെയ്യപ്പെട്ടവരിൽ ഭൂരിഭാഗവും മലയാളികളാണ്. അങ്ങനെ കേരളത്തിലെ പെൺകുട്ടികളെ പ്രണയം നടിച്ച് നിർബന്ധിത മതപരിവർത്തനം നടത്തി ഐ.എസിലേക്ക് കൊണ്ട് പോകുന്ന കഥ പറഞ്ഞ ചിത്രമായിരുന്നു സുദീപ്‌തോ സെനിന്റെ ദി കേരളാ സ്റ്റോറി. ടീസർ ഇറങ്ങിയപ്പോൾ തന്നെ ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ ഒരു ചിത്രമായിരുന്നു ഇത്. മുസ്ലിം കൂട്ടുകാരിയുടെ നിർബന്ധത്തിനും ഉപദേശത്തിനും വഴങ്ങി പ്രണയത്തിലേക്കും മതം മാറി തീവ്ര ഇസ്ലാമിക മതമൗലികവാദത്തിലേക്കും അവിടെനിന്നു ഐ എസിലേക്കും എത്തിപ്പെടുന്ന ശാലിനി എന്ന മലയാളി പെൺകുട്ടിയുടെ കഥപറയുന്ന ചിത്രമായിരുന്നു ‘ദ കേരളാ സ്റ്റോറി’. ഹിന്ദു, ക്രിസ്ത്യൻ വിഭാഗത്തിൽപെടുന്ന നിരവധി പെൺകുട്ടികൾ കേരളത്തിൽ നിന്നും ലവ് ജിഹാദിലൂടെ ഐ എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരം സംഭവങ്ങളുടെ അടിസ്ഥാനത്തിൽ എഴുതിയതായിരുന്നു ചിത്രത്തിന്റെ തിരക്കഥ. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് അടക്കം കേരളത്തിൽ അന്താരാഷ്ട്ര ഭീകര സംഘടനകളുടെ റിക്രൂട്ടിങ് ഏജൻസികളായി പ്രവർത്തിച്ചിട്ടുണ്ട്. സമൂഹം ഇതിനെ ആശങ്കയോടെ കാണുമ്പോഴും സർക്കാരും കോടതികളും ലവ് ജിഹാദ് വസ്തുതയല്ലെന്ന നിലപാടിലാണ്. ഇതിനെതിരെ സമൂഹ മനസാക്ഷിയെ ഉണർത്തുന്ന പ്രമേയമായിരുന്നു ‘ദ കേരളാ സ്റ്റോറി’ മുന്നോട്ട് വച്ചത്. എന്തായാലും ദി കേരളാ സ്റ്റോറി തരംഗം ഉണ്ടാക്കിയതുപോലെ ബസ്തറും സമൂഹ മനസാക്ഷിയെ പിടിച്ചുകുലുക്കുമെന്നതിൽ സംശയമില്ല.

