Tuesday, October 27, 2026

വ്യാജരേഖ ചമച്ച് അവയവ കച്ചവടം ! അന്വേഷണം ലേക്‌ഷോർ ആശുപത്രിയിലെ ഡോക്ടർമാരിലേക്കും; സീനിയർ കൺസൾട്ടന്റിനെ ചോദ്യം ചെയ്തു

സംസ്ഥാനത്തെ നടുക്കിയ വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടക്കേസിൽ അന്വേഷണം സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരിലേക്കും വ്യാപിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് . ഇതിന്റെ ഭാഗമായി കൊച്ചി ലേക്‌ഷോർ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ഡോ. മുഹമ്മദ് ഇഖ്ബാലിനെ ഇഡി ചോദ്യം ചെയ്തു. നിയമവിരുദ്ധ അവയവമാറ്റ ശസ്ത്രക്രിയകൾക്കായി ഡോക്ടർമാർക്ക് വൻ തുക കമ്മീഷൻ ലഭിച്ചിട്ടുണ്ടോ എന്ന കാര്യമാണ് കേന്ദ്ര ഏജൻസി പ്രധാനമായും പരിശോധിക്കുന്നത്. സംശയനിഴലിലുള്ള ഡോക്ടർമാരുടെ ബാങ്ക് അക്കൗണ്ടുകളും അവരുടെ സ്വത്തുവിവരങ്ങളും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. കേസിന്റെ ഭാഗമായി ആശുപത്രി മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുള്ളയെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു.

അവയവക്കച്ചവടവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളിൽ കഴിഞ്ഞ ദിവസം കേരളത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ വിവിധയിടങ്ങളിൽ ഇഡി വ്യാപക പരിശോധന നടത്തിയിരുന്നു. സംസ്ഥാനത്തെ ആറ് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ഏറ്റെടുത്തത്. കേരളത്തിനകത്തും പുറത്തും ശൃംഖലകളുള്ള വൻ മാഫിയ സംഘമാണ് മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ ഈ വ്യാജരേഖാ അവയവക്കച്ചവടത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ആലപ്പുഴ റൂറൽ പൊലീസ് കേസ് എടുത്തതിന് പിന്നാലെ ഒളിവിൽ പോയ മുഖ്യസൂത്രധാരൻ നജീബാണ് ഈ മാഫിയ സംഘത്തിന്റെ ഇടനിലക്കാരെ ഏകോപിപ്പിച്ചിരുന്നത്.

സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന സാധാരണക്കാരെ കണ്ടെത്തി തുച്ഛമായ തുക നൽകി അവയവ കൈമാറ്റത്തിന് സമ്മതിപ്പിക്കുകയും, തുടർന്ന് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന സമ്പന്നരായ രോഗികൾക്ക് വൻ തുകയ്ക്ക് ഇവ മറിച്ചു നൽകുകയുമായിരുന്നു സംഘത്തിന്റെ രീതി. ഇത്തരത്തിൽ നടക്കുന്ന ഓരോ നിയമവിരുദ്ധ ശസ്ത്രക്രിയയ്ക്ക് പിന്നാലെയും ഇടനിലക്കാരനായ നജീബിന് സ്വകാര്യ ആശുപത്രികൾ വൻ തുക കമ്മീഷനായി നൽകിയിട്ടുണ്ടെന്നാണ് ഇഡിയുടെ പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുള്ളത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആശുപത്രികളിൽ നടന്ന സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളാണ് ഇഡി ശേഖരിക്കുന്നത്. കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ്, ലേക്‌ഷോർ അടക്കം ആറ് പ്രമുഖ ആശുപത്രികളിൽ നേരത്തെ തന്നെ ഇഡി പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു.

Related Articles

Latest Articles